പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. ഖുശി സിനിമയുടെ ചിത്രീകരണത്തിനായി കാശ്മീരിൽ പോയിട്ടുണ്ടെന്നും അവിടെ നല്ല ഓർമകൾ തനിക്കുണ്ടെന്നും വിജയ് പറഞ്ഞു. പാകിസ്താനിയിൽ വെള്ളവും വൈദ്യുതിയുമില്ലെന്നും പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തുവെന്നും വിജയ് പറഞ്ഞു. തീവ്രവാദത്തിനെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്നും നടൻ കൂട്ടിച്ചേർത്തു.
നടന്‍റെ വാക്കുകള്‍
‘കശ്മീര്‍ ഇന്ത്യയുടേതാണ്, കശ്മീരികള്‍ നമ്മുടേതും. രണ്ട് വർഷം മുന്നേ ഖുശി എന്ന എന്റെ ചിത്രം കാശ്മീരിലാണ് ചിത്രീകരിച്ചത്. നല്ല ഓർമ്മകളാണ് എനിക്ക് അവിടുള്ളവർ സമ്മാനിച്ചത്. പാകിസ്താന് സ്വന്തം കാര്യങ്ങള്‍ പോലും നോക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തു’
അതേ സമയം പഹല്‍ഗാമിലെ ബൈസരണില്‍ 26 പേരുടെ ജീവനെടുത്ത ഭീകാരാക്രമണത്തിനായി സംഘം എത്തിയത് തെക്കന്‍ കശ്മീരിലെ കൊക്കര്‍നാഗില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. അതിദുര്‍ഘടമായ പാതയിലൂടെ 22 മണിക്കൂറോളം നടന്നാണ് ഭീകരവാദികള്‍ ബൈസരണിലെത്തിയതെന്നും സൈന്യത്തിന് വിവരം ലഭിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ രക്ഷപെടുമ്പോള്‍ വിനോദസഞ്ചാരികളില്‍ ഒരാളുടെയും നാട്ടുകാരില്‍ ഒരാളുടെയും മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയിരുന്നു. ഇത് ഇപ്പോഴും ഭീകരരുടെ കയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊക്കര്‍നാഗിലെ വനമേഖലയില്‍ വച്ച് ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായെന്നും നാലിടത്ത് വച്ച് ഭീകരരെ കണ്ടെത്തിയെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.