പഹല്‍ഗാം രാജ്യത്തിന്‍റെ നെഞ്ചിലെ മുറിവായിട്ട് ഒരാഴ്ചയാകുമ്പോള്‍ തന്‍റെ സഹോദരനായ സൈനികന്‍റെ മനോബലത്തില്‍ 35 പേരോളം രക്ഷപെട്ട അനുഭവം പറയുകയാണ് പ്രസന്നകുമാര്‍ ഭട്ട്. കര്‍ണാടകയില്‍ നിന്നുള്ള സോഫ്റ്റുവെയര്‍ എഞ്ചിനീയറായ ഭട്ട് കുടുംബവുമൊത്ത് പഹല്‍ഗാം കാണാനെത്തിയപ്പോഴായിരുന്നു ഭീകരാക്രമണം ഉണ്ടായത്. വെടിയൊച്ച മുഴങ്ങിയപ്പോഴെ ഭീകരാക്രമണം ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്നും ഭട്ട് പറയുന്നു. ഞെട്ടിപ്പിക്കുന്ന അനുഭവം സമൂഹമാധ്യമമായ എക്സിലൂടെയാണ് ഭട്ട് പങ്കുവച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭട്ടും ഭാര്യയും സഹോദരനും സഹോദരന്‍റെ ഭാര്യയുമായി ബൈസരണില്‍ എത്തിയത്. ശ്രീനഗറില്‍ സൈനിക ഉദ്യോഗസ്ഥനായ സഹോദരന്‍ അവധിയെടുത്ത് ഭട്ടിനൊപ്പം ചേര്‍ന്നതായിരുന്നു. പോണി റൈഡ് കഴിഞ്ഞ് പ്രധാന കവാടത്തില്‍ നിന്ന് മാറിയുള്ള കഫെയില്‍ ചായ കുടിച്ചിരിക്കുമ്പോഴാണ് ഭീകരര്‍ എത്തിയതെന്ന് ഭട്ട് ഓര്‍ത്തെടുക്കുന്നു. പെട്ടെന്ന് രണ്ട് വെടിയൊച്ച മുഴങ്ങി. എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരും സ്തബ്ധരായെന്നും പിന്നാലെ കൂടുതല്‍ വെടിയൊച്ചകള്‍ കേട്ടുവെന്നും ഭട്ട് ഓര്‍ത്തെടുക്കുന്നു. കവാടത്തിലേക്ക് നോക്കിയപ്പോള്‍ കണ്ട് മൃതദേഹം കിടക്കുന്നത് കണ്ടു. വെടിയൊച്ചയാണ് മുഴങ്ങിയതെന്നും ഭീകരാക്രമണം ആണെന്നും തിരിച്ചറിഞ്ഞ സഹോദരന്‍ നടുങ്ങി നിന്ന 35–40 പേരോളം വരുന്ന വിനോദ സഞ്ചാരികളെയുമായി എതിര്‍ദിശയിലേക്ക് ഓടിയെന്നും വെള്ളം പോകാന്‍ വെട്ടിയിട്ടിരുന്ന ചാലിലേക്ക് എല്ലാവരെയും ഇറക്കി കിടത്തിയെന്നും ഭട്ട് എഴുതുന്നു. പ്രാണരക്ഷാര്‍ഥം പാര്‍ക്കിന്‍റെ വാതില്‍ക്കലേക്ക് ഓടിയെത്തിയവരെ കാത്ത് ഭീകരര്‍ നിന്നിരുന്നുവെന്നും ആടുകളെ പിടിക്കാന്‍ കടുവ കാത്ത് നില്‍ക്കുന്നത് പോലെയാണ് പിന്നെ അതേക്കുറിച്ച് ആലോചിച്ചപ്പോള്‍ തനിക്ക് തോന്നിയതെന്നും ഭട്ട് കുറിക്കുന്നു.
Image: x.com/prasannabhat
വെള്ളം പോകാനായി വെട്ടിയിരുന്ന കിടങ്ങിനുള്ളിലെ പൈപ്പില്‍ ആളുകളെ ഒളിപ്പിച്ചുവെന്നും എന്ത് വന്നാലും എഴുന്നേല്‍ക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ചരിവിലായിരുന്നതിനാല്‍ പെട്ടെന്ന് നോട്ടമെത്താത്ത സ്ഥലവും ഒപ്പം തന്നെ ചെളി നിറഞ്ഞ പ്രദേശവുമായിരുന്നു അതെന്നും ഭട്ട് ഓര്‍ത്തെടുത്തു.പലരും ചെളിയില്‍ വീണുവെങ്കിലും ജീവന്‍ കയ്യില്‍പിടിച്ചാണ് കാത്തിരുന്നതെന്നും മൊബൈല്‍ ഫോണിന് റേഞ്ച് കിട്ടിയതോടെ സഹോദരന്‍ പ്രാദേശിക സൈനിക യൂണിറ്റിലും ശ്രീനഗറിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലും വിളിച്ച് ഭീകരാക്രമണം ഉണ്ടായ വിവരവും തങ്ങള്‍ ഒളിച്ചിരിക്കുന്ന പ്രദേശവും വിവരിച്ചുവെന്നും ഭട്ട് പറയുന്നു.
വെടിയൊച്ചകള്‍ പൂര്‍ണമായും നിലച്ചത് മൂന്ന് മണിയോടെയാണെന്നും 40 മിനിറ്റോളം കഴിഞ്ഞാണ് സൈന്യം അരികിലെത്തിയതെന്നും ഹെലികോപ്റ്ററുകളുടെ ശബ്ദം കേട്ടപ്പോള്‍ ആശ്വാസമായെന്നും ഭട്ട് എഴുതി. ഓടിയെത്തിയ സൈന്യം കുഴിയില്‍ ഒളിച്ചിരുന്നവരെയെല്ലാം പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. ആ നിമിഷങ്ങളുടെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും മൈസൂരിലെ വീട്ടിലിരുന്ന് ഭട്ട് പറയുന്നു.