പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയത് അതിനിന്ദ്യമായ കൊലപാതകമെന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍. കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടും പേര് ചോദിച്ചുമാണ് വിനോദസഞ്ചാരികളിലെ പുരുഷന്‍മാരെ ഭീകരര്‍ നെറ്റിയില്‍ വെടിയുതിര്‍ത്ത് കൊന്നതെന്ന് രക്ഷപെട്ടവര്‍ വെളിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട 26 പേരില്‍ 20 പേരുടെയും മൃതദേഹങ്ങളില്‍ പാന്‍റുകള്‍ വലിച്ചൂരിയ നിലയിലും സിബുകള്‍ തുറന്ന് അടിവസ്ത്രവും ജനനേന്ദ്രിയവും പുറത്ത് കാണുന്ന നിലയിലുമാണ് കിടന്നിരുന്നതെന്ന് മൃതദേഹങ്ങള്‍ വീണ്ടെടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിയേറ്റ് മരിച്ചവരുടെ ശരീരങ്ങള്‍ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് അരക്കെട്ടിന് താഴേക്ക് നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. ബൈസരണില്‍ നിന്നും മൃതദേഹം പുറത്തെത്തിക്കുന്നതിന് മുന്‍പായി തുണി കൊണ്ട് മൂടിയാണ് എടുത്തുകൊണ്ടുപോയതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊലപ്പെടുത്തിയവരുടെ മതം തിരിച്ചറിയാനാണ് തീര്‍ത്തും അപരിഷ്കൃതവും നിന്ദ്യവുമായി രീതിയില്‍ മൃതദേഹത്തോട് പെരുമാറിയതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഭീകരവാദികളില്‍ ചിലര്‍ പേര് ചോദിച്ചതിന് പിന്നാലെ മുസ്ലിമാണെന്ന് പറഞ്ഞവരോട് ആധാര്‍ കാര്‍ഡുള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖ ചോദിച്ചുവെന്നും ചിലരോട് കലിമ ചൊല്ലാന്‍ പറഞ്ഞുവെന്നും പാന്‍റുകള്‍ അഴിക്കാന്‍ പറഞ്ഞുവെന്നും രക്ഷപെട്ടവര്‍ വെളിപ്പെടുത്തിയിരുന്നു. ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ക്ലോസ് റേഞ്ചില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും രക്ഷപെട്ടവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം ഭീകരാക്രമണം നടത്തിയവര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കി. താഴ്വരയില് നിന്നും ഭീകരവാദികളോട് അനുഭാവം പ്രകടിപ്പിക്കുന്ന 70 പേരെ പിടികൂടിയിട്ടുണ്ട്. ത്രാല്‍, പുല്‍വാമ, അനന്ത്നാഗ്, കുല്‍ഗാം എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ ഇവരെ സംയുക്ത സേന വിശദമായി ചോദ്യം ചെയ്യുകയാണ്. കശ്മീരില്‍ നിന്നുള്ള നാല് ഭീകരരുടെ വീടുകള്‍ ഇതിനകം പ്രാദേശിക ഭരണകൂടം തകര്‍ത്തു. ഭീകരവാദികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.