TOPSHOT - Indian soldiers trek back after a search operation around Baisaran meadow in the aftermath of an attack in Pahalgam, about 90kms (55 miles) from Srinagar on April 23, 2025. Indian security forces in Kashmir carried out a major manhunt on April 23, a day after gunmen opened fire on tourists killing 26 people in the region's deadliest attack on civilians since 2000. (Photo by TAUSEEF MUSTAFA / AFP)

  • 'ഭീകരര്‍ പാര്‍ക്കിലേക്ക് എത്തിയത് 3 വഴികളിലൂടെ'
  • 'പ്രാണരക്ഷാര്‍ഥം വിനോദസഞ്ചാരികള്‍ പൈന്‍മരക്കൂട്ടത്തിലേക്ക് ഓടി'
  • 'സംഭവസമയത്ത് സുരക്ഷാ ഉദ്യോസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല'

പഹല്‍ഗാമില്‍ 26 ജീവനുകള്‍ ഭീകരര്‍ എടുത്തത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ശിക്ഷ നടപ്പിലാക്കുന്നതിന് സമാനമായി നെറ്റിയിലാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.  കശ്മീര്‍ താഴ്​വരയില്‍ നിന്ന് വിനോദ സ‍ഞ്ചാരികളെ ആട്ടിപ്പായിക്കാനും പുറത്തുള്ളവര്‍ക്ക് ഭീതി ജനിപ്പിക്കുന്നതിനുമായാണ് ഇത്തരം ഹീനമായ കൃത്യം ചെയ്തതെന്ന് വിലയിരുത്തുന്നതായി വിദഗ്ധരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

രണ്ട് കിലോമീറ്ററോളം വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന സ്വപ്നസമാന ഭൂമിയാണ് ഭീകരര്‍ കൊലക്കളമാക്കിയ ബൈസരണ്‍. ഒരു വശത്ത് പൈന്‍മരക്കാടുകള്‍, മറുവശത്ത് മ‍ഞ്ഞുപുതച്ച മലനിരകള്‍. തെക്ക് കൊക്കര്‍നാഗും മറുവശത്ത് പഹല്‍ഗാം താഴ്​വരും ബൈസരണിന്‍റെ ഭംഗിയേറ്റുന്നു. പുല്‍നേടുകളുടെ സൗന്ദര്യം നുകരാനെത്തിയ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ആ സമയം ബൈസരണിലുണ്ടായിരുന്നത്. പാര്‍ക്കിന്‍റെ മൂന്ന് വശങ്ങളില്‍ നിന്നായി ഭീകരര്‍ എത്തിയെന്നും നാലോ അഞ്ചോ പേരുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇവരുടെ രേഖാചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കരികിലേക്ക് ഭീകരര്‍ പേര് ചോദിച്ചെത്തുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നും രക്ഷപെട്ടവര്‍ കൂട്ടിച്ചേര്‍ത്തു. പരമാവധിപ്പേരെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യമെന്നു വേണം കരുതാനെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെയും നിഗമനം. 

വനമേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണെങ്കിലും ഇതുവരെയും കണ്ടെത്താനായില്ല. വനത്തിനപ്പുറം മഞ്ഞുമൂടിക്കിടക്കുന്ന കിഷ്ത്വാറും അപ്പുറം വര്‍വാന്‍ താഴ്​വരയുമാണ്. ഇതിലൂടെയാവണം ഭീകരര്‍ എത്തിയതെന്നാണ് നിലവിലെ സംശയങ്ങള്‍. കൊക്കര്‍നാഗിലെ വനത്തിലൂടെ സിന്താന്‍ ടോപും കടന്നാണ് ഭീകരര്‍ എത്തിയതെന്നും രക്ഷപെടാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം സൈന്യം ഇറങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭീകരാക്രമണം ഉണ്ടായ സമയത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലും സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാരും വിനോദസഞ്ചാരികളും മാത്രമാണ് ഉണ്ടായിരുന്നതെന്നും കുതിരസവാരിക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 

Security personnel move towards the site after terrorists attacked a group of tourists at Pahalgam, in Anantnag district, Jammu & Kashmir

ഏകദേശം മുക്കാല്‍ മണിക്കൂറോളമെങ്കിലും യാത്ര ചെയ്താല്‍ മാത്രമേ റോഡിലേക്ക് ബൈസരണില്‍ നിന്നും എത്താന്‍ കഴിയുകയുള്ളൂ. അതും ഭീകരര്‍ അനുകൂല ഘടകമായി കണ്ടിരിക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജൂലൈ മൂന്നിന് അമര്‍നാഥ് തീര്‍ഥാടനം തുടങ്ങാനിരിക്കെയാണ് ഭീകരാക്രമണം എന്നതും ഗൗരവമേറ്റുന്നു. 

An Indian paramilitary serviceman keeps watch in Pahalgam, south of Srinagar on April 23, 2025, following an attack. At least 26 people were killed April 22 in Indian-administered Kashmir when gunmen opened fire on tourists, security sources told AFP, in the insurgency-hit region's deadliest attack on civilians since 2000. (Photo by TAUSEEF MUSTAFA / AFP)

ചില ദിവസങ്ങളില്‍ പതിനായിരത്തോളം സന്ദര്‍ശകര്‍ ഇവിടേക്ക് എത്താറുണ്ടെന്നും എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആയിരം പേര്‍ മാത്രമേ സംഭവ സമയത്ത് ഉണ്ടായിരുന്നുള്ളൂവെന്നും പ്രദേശവാസികള്‍ പറയുന്നു. വെടിയൊച്ച കേട്ടതും ആളുകള്‍ പ്രാണരക്ഷാര്‍ഥം പൈന്‍മരങ്ങള്‍ക്കടുത്തേക്ക് ഓടി. എങ്ങനെയും പുല്‍മേട്ടില്‍ നിന്ന് കടക്കാനായി പരക്കം പാഞ്ഞു. എല്ലാവരെയും ഭീകരര്‍ തൊട്ടടുത്ത് നിന്നാണ് വെടിവച്ച് കൊന്നതെന്നും അര മണിക്കൂര്‍ നേരം കഴിഞ്ഞാണ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതെന്നും പ്രാദേശിക ടൂര്‍ ഗൈഡ് വിശദീകരിച്ചു. ഇരുപത് മിനിറ്റോളം വെടിവയ്പ്പ് തുടര്‍ന്നുവെന്നും കുതിരപ്പുറത്തുണ്ടായിരുന്നവരുമായി താന്‍ പഹല്‍ഗാം ലക്ഷ്യമാക്കി ഓടിയെന്നും കുതിരസവാരിക്കാരില്‍ ഒരാളും വെളിപ്പെടുത്തി. 

എ.കെ 47 അസോള്‍ട്ട് റൈഫിളുകളും എംഫോര്‍ റൈഫിളുകളുമാണ് ഭീകരര്‍ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിലൂടെ കശ്മീര്‍ മെച്ചപ്പെടുകയും ജീവിത നിലവാരം ഉയര്‍ന്ന് വരികയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഭീകരാക്രമണം ഉണ്ടായതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകളിലേറെയായി വിനോദസഞ്ചാരികള്‍ ഒരിക്കലും ഭീകരരുടെ ലക്ഷ്യമായിരുന്നിട്ടില്ല. പഹല്‍ഗാമിന്‍റെ ഹൃദയം തകര്‍ത്തുള്ള ആക്രമണം ശ്രദ്ധപിടിച്ചുപറ്റാന്‍ കൂടിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

ENGLISH SUMMARY:

The brutal killing of 26 people in Pahalgam, Kashmir, by terrorists who shot victims in the forehead, is being compared to execution-style punishment. Experts say the attack aimed to terrify tourists and destabilize the valley’s peace.