Image: hx.com/ArshadRazvi (left) , UNI/Photo Shah Junaid (Right)
പഹല്‍ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ പകച്ച് വിനോദസഞ്ചാരികള്‍ നിന്നപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനെ ഭീകരരുടെ വെടിയേറ്റ കുതിര സവാരിക്കാരന് ദാരുണാന്ത്യം. സയീദ് ആദില്‍ ഹുസൈന്‍ ഷായാണ് ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞത്. പാര്‍ക്കിങില്‍ നിന്നും ബൈസരണിലെ പുല്‍മേടുകളിലൂടെ സഞ്ചാരികളെ കുതിരപ്പുറത്തേറ്റി നടത്തിയാണ് സയീദ് ആദില്‍ വരുമാനം കണ്ടെത്തിയിരുന്നത്. കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗമായിരുന്നു സയീദ്. പതിവുപോലെ വിനോദസഞ്ചാരികളുമായി പോയതിനിടയിലാണ് ഭീകരാക്രമണം ഉണ്ടായത്.
സയീദിന് നീതി വേണമെന്നും നിരായുധരും നിഷ്കളങ്കരുമായ മനുഷ്യരെ ഇല്ലാതാക്കിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കുടുംബം പറയുന്നു. വയോധികരായ മാതാപിതാക്കളും, ഭാര്യയും മക്കളുമാണ് സയീദിനുള്ളത്. വൈകുന്നേരം നാലുമണിയോടെയാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതായി വിവരം ലഭിച്ചതെന്നും ഉടന്‍ തന്നെ സയീദിനെ വിളിച്ചുവെന്നും പിതാവ് പറയുന്നു. മകനെ വിളിച്ചിട്ടും ഫോണില്‍ കിട്ടിയില്ല. നാലേമുക്കാലായതോടെ ഫോണില്‍ ബെല്ലടിച്ചുവെന്നും പക്ഷേ ആരുമെടുത്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അപകടം തോന്നിയതോടെ പൊലീസ് സ്റ്റേഷനിലെത്തി വിവരം തിരക്കി. ഇതോടെയാണ് സയീദിന് വെടിവയ്പില്‍ പരുക്കേറ്റെന്ന വിവരമറിഞ്ഞത്. വൈകാതെ മരിക്കുകയായിരുന്നു.
പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഹൃദയം നുറുങ്ങുന്ന വേദനയോടെ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ പതറുകയില്ലെന്നും പകരം വീട്ടുമെന്നും അമിത് ഷാ പറഞ്ഞു. സയീദ് ഉള്‍പ്പടെ 28 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ രണ്ട് വിദേശികളുമുണ്ട്. പതിനേഴോളം പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്.