Photo Credit; on road indian travel vlogger (instagram)
പ്രവേശനം ലഭിക്കാന്‍ പാടുള്ള രാജ്യങ്ങളിൽ ഇന്ത്യന്‍ പാസ്‌പോർട്ടുകൾ കൊണ്ട് ഒരു ഉപയോഗവുമില്ലെന്ന വാദവുമായി ഇൻസ്റ്റാഗ്രാമിൽ 'ഓൺ റോഡ് ഇന്ത്യൻ' എന്നറിയപ്പെടുന്ന ട്രാവൽ വ്ലോഗർ. ഇന്ത്യൻ പാസ്‌പോർട്ട് കണ്ടതോടെ ജോർദാനിൽ പ്രവേശനം നിഷേധിച്ചെന്നും, ഈജിപ്ത് പോലുള്ള രാജ്യങ്ങൾക്ക് ഇൻവിറ്റേഷൻ ലെറ്റർ വേണമെന്നും അദ്ദേഹം പറയുന്നു.
രണ്ട് ദിവസം കൊണ്ട് 80 ലക്ഷം പേര്‍ കണ്ട ഈ വിഡിയോയ്ക്ക് നിരവധി വിമര്‍ശനങ്ങളാണ് വരുന്നത്. സന്തോഷ് ജോര്‍ജ് കുളങ്ങര എന്ന സഞ്ചാരിയെ അറിയുമോയെന്നും, അദ്ദേഹം പോലും ഇത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നുമുള്ള വിമര്‍ശനങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഉയരുന്നത്. ആഗോള യാത്രകളിൽ ഇന്ത്യക്കാര്‍ നേരിടുന്ന വെല്ലുവിളികൾ ഇതാണെന്ന തരത്തിലും കമന്‍റുകള്‍ വരുന്നുണ്ട്.
'ഈ സാധനത്തിന് ഒരു മൂല്യവും ഇല്ലെന്ന്' ഇന്ത്യൻ പാസ്‌പോർട്ടിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ആയതുകൊണ്ട് മാത്രം പല രാജ്യങ്ങളിലും തനിക്ക് പ്രവേശനം കിട്ടിയില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാതി.'നിരവധി രാജ്യങ്ങൾ നമുക്കുള്ള വിസ രഹിത, വിസ ഓൺ അറൈവൽ സൗകര്യം അവസാനിപ്പിക്കുകയാണ്. ഇന്ത്യൻ പാസ്‌പോർട്ട് കണ്ടതോടെ ജോർദാനിൽ അവർ പ്രവേശനം നിഷേധിച്ചു. ഷാരൂഖ് ഖാന്റെയും അമിതാഭ് ബച്ചന്റെയും പേരുകൾ കേൾക്കുമ്പോൾ അവർക്കെല്ലാം നല്ല മതിപ്പാണ്. പക്ഷേ ഒരു പ്രശ്നമുണ്ട് കേട്ടോ?.. അവർ ഞങ്ങളെ രേഖകളുടെ കാര്യത്തിൽ വിശ്വസിക്കില്ല. എന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ട്, പണവുമുണ്ട്, മോശം ബാക്ക്ഗൗണ്ടുമില്ല. എന്നാലും ഇന്ത്യന്‍ പാസ്‌പോർട്ട് കാണുമ്പോൾ അവരെന്നെ പരിശോധിക്കുകയാണ്. ചിലപ്പോൾ പ്രവേശനം അനുവദിക്കില്ല' – അദ്ദേഹം പറയുന്നു.