Image Credit-Twitter
ഏകാഗ്ര രോഹൻ മൂർത്തി, ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ 17 മാസം പ്രായമുള്ള ചെറുമകൻ. 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്ന് 3.3 കോടി രൂപയ്ക്ക് അര്‍ഹനാണ് ഈ കുഞ്ഞ്. രോഹൻ മൂർത്തിയുടെയും അപർണ കൃഷ്ണൻ്റെയും മകനാണ് ഏകാഗ്ര. ഇന്‍ഫോസിസിന്‍റെ 15 ലക്ഷം ഓഹരികളാണ് ഏകാഗ്രയുടേതായുള്ളത്. അതായത് 0.04ശതമാനം ഓഹരികള്‍.നാല് മാസം പ്രായമുള്ളപ്പോൾ നാരായണ മൂർത്തി കുഞ്ഞിന് സമ്മാനമായി നൽകിയതാണ് ഈ ഓഹരികൾ. സമ്മാനം നൽകുമ്പോൾ ഓഹരികളുടെ മൂല്യം 240 കോടി രൂപയിലധികമായിരുന്നു.
വ്യാഴാഴ്ച ഇൻഫോസിസ് ഓഹരിയൊന്നിന് 22 രൂപയുടെ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചരുന്നു. ഏകാഗ്രയ്ക്ക് 15 ലക്ഷം ഓഹരികൾ ഉള്ളതിനാൽ തന്നെ ഡിവിഡന്റ് പേഔട്ടിൽ നിന്ന് 3.3 കോടി രൂപ ലഭിക്കും. ഇതോടെ ഇതുവരെ കുഞ്ഞിന് ലഭിച്ച ആകെ ലാഭവിഹിതം 10.65 കോടി രൂപയായി ഉയരും. നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയായ ഏകാഗ്ര രോഹൻ മൂർത്തി 2023 നവംബറിൽ ബെംഗളൂരുവിലാണ് ജനിച്ചത്.
ഒരു വയസും 5 മാസവും പ്രായമുള്ള ഏകാഗ്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരിൽ ഒരാളാണ്. നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിക്ക് കമ്പനിയുടെ 3.89 ലക്ഷം ഓഹരികളുണ്ട്. ലാഭവിഹിതത്തിൽ നിന്ന് നാരായണ മൂർത്തിക്ക് 33.3 കോടി രൂപയും ഭാര്യ സുധ മൂർത്തിക്ക് 76 കോടി രൂപയും ലഭിക്കും.
1981 ൽ 10,000 രൂപയുടെ ചെറിയ നിക്ഷേപത്തിൽ ആരംഭിച്ച ഇൻഫോസിസ്, പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി വളർന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ ആദ്യ കാലത്ത് സുധാമൂര്‍ത്തി വഹിച്ച പങ്കും വളരെ വലുതാണ്.