ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയില്‍ മാറ്റമില്ലാതായിട്ട് ഒരു വർഷത്തോളമായി. കേരളത്തിൽ ഇന്ന് 105.73 രൂപയാണ് പെട്രോൾ വില. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറിയും കുറഞ്ഞും 100 രൂപയ്ക്കടുത്ത് പെട്രോളിന് വിലയുണ്ട്. എന്നാൽ അയൽരാജ്യമായ ഭൂട്ടാനിൽ എത്രയാകും പെട്രോൾ വില. ഭൂട്ടാൻ സന്ദർശിച്ച ഇന്ത്യൻ വ്ലോഗർ മുഹമ്മദ് അർബാസ് ഖാൻറെ വിഡിയോയിലാണ് പെട്രോൾ, ഡീസൽ വിലയിലെ വ്യത്യാസം ചൂണ്ടിക്കുന്നത്.
ഭൂട്ടാനിൽ ഭാരത് പെട്രോളിയത്തിൻറെ പമ്പ് കണ്ട് അല്‍ഭുതത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. 'ഭാരത് പെട്രോളിയത്തിനും ഇന്ത്യൻ ഓയിലിനും ഭൂട്ടാനിലും പെട്രോൾ പമ്പുകളുണ്ട്. ഇവ ഇന്ത്യൻ പെട്രോൾ കമ്പനികളാണ്, പക്ഷേ ഇവിടുത്തെ പെട്രോൾ വില നിങ്ങൾ വിശ്വസിക്കില്ല' എന്നാണ് വിഡിയോയിൽ പറയുന്നത്.
ശേഷം ഇന്ത്യ– ഭൂട്ടാൻ ബോർഡറിലെ പമ്പിൽ നിന്നുള്ള പെട്രോൾ വിലയും വിഡിയോയിൽ കാണിക്കുന്നുണ്ട്. 63.92 രൂപയാണ് ഒരു ലിറ്റർ പെട്രോൾ വിലയായി മെഷിനിൽ കാണിക്കുന്നത്. ഭൂട്ടാൻ കറന്‍സിയും ഇന്ത്യൻ രൂപയും മൂല്യത്തിൽ വലിയ വ്യത്യാസമില്ല. അതായത് ഇന്ത്യയിൽ ലിറ്ററിന് ഏകദേശം 100 രൂപയ്ക്ക് വിൽക്കുന്ന പെട്രോളിന് ഭൂട്ടാനിൽ വലിയ വില കുറവിലാണ്.
ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്തിട്ടും ഭൂട്ടാനെങ്ങനെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉയർന്ന നികുതിയാണ് ഇന്ത്യയുടെ ഉയർന്ന ഇന്ധനവിലയ്ക്ക് കാരണമെന്ന് മറ്റു ചിലർ കമന്റിടുന്നു. സംസ്ഥാന നികുതി കുറച്ചാൽ വില ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് മറ്റു കമന്റുകൾ. ഏഴ് ആഴ്ച മുന്നെ വ്ലോഗര്‍ പങ്കുവച്ച വിഡിയോ 9.8 മില്യണ്‍ പേരാണ് കണ്ടത്.