ബി.എംഡബ്ല്യു കാര്‍ നടുറോഡില്‍ നിര്‍ത്തി പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മാപ്പുപറഞ്ഞ് യുവാവ്. ഗൗരവ് അഹുജ എന്നയാളാണ് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങിയിട്ടുമുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് ഭാഗ്യേഷ് ഓസ്വാള്‍ എന്നയാളും പൊലീസ് കസ്റ്റഡിയിലാണ്. ക്ഷമാപണ വിഡിയോയ്ക്ക് പിന്നാലെയായിരുന്നു കീഴടങ്ങല്‍.
മൂത്രമൊഴിക്കാനായി നടുറോഡില്‍ വാഹനം നിര്‍ത്തി, ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങുന്ന ഗൗരവ് അഹുജയെയും മദ്യക്കുപ്പിയുമായി കാറില്‍ സുഹൃത്ത് ഭാഗ്യേഷ് ഓസ്വാളിനെയും വൈറലായ വിഡിയോയില്‍ കാണാം. റോഡരികില്‍ മൂത്രമൊഴിച്ച ശേഷം ഇരുവരും വാഹനവുമായി സ്ഥലം വിടുകയും ചെയ്തു.
ഭാഗ്യേഷിന്‍റെ കയ്യിലെ മദ്യകുപ്പി കൂടി കണ്ടതോടെ വാഹനമോടിച്ച ഗൗരവും മദ്യപിച്ചിരുന്നോ എന്ന സംശയത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ആരംഭിച്ചത്. ഇതിനിടെ ക്ഷമാപണ വിഡിയോയുമായി ഗൗരവ് തന്നെ രംഗത്തുവരികയും ശേഷം പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.
പോലീസിന്റെ കസ്റ്റഡിയിലുള്ള ഗൗരവിനെയും ഭാഗ്യേഷിനെയും ഞായറാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാകും ഇരുവരെയും കോടതിയില്‍ ഹാജരാക്കുക. ഭാരതീയ ന്യായ സംഹിതയിലെയും മോട്ടര്‍ വെഹിക്കിള്‍ ആക്ടിലെയും വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കും എതിരേ കേസെടുത്തിട്ടുണ്ട്.