ദുബായിൽ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യൻ ടീം പാകിസ്ഥാനെ നേരിടുമ്പോൾ, ഡൽഹിയില്‍ അപൂര്‍വ്വമായ മറ്റൊരു മല്‍സരം നടക്കുകയായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നയിക്കുന്ന ടീമും അഭിഭാഷകരും തമ്മിലുള്ള ട്വന്‍റി 20 മല്‍സരം. വാശിയേറിയ മാച്ച് സമനിലയിലാണ് അവസാനിച്ചത്.
വാദപ്രതിവാദങ്ങൾക്കും വിധി പ്രസ്താവങ്ങൾക്കും അവധി നല്‍കി സുപ്രീം കോടതിയിലെ ന്യായാധിപരും അഭിഭാഷകരും ജെയ്‌സിയണിഞ്ഞു. കോടതിയിലെന്നപോലെ കളിക്കളത്തിലും നേർക്കുനേർ. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നയിക്കുന്ന സി.ജെ.ഐ ഇലവനും സോളിസിറ്റർ ജനറൽ തുഷാർ മേത്ത നയിക്കുന്ന സ്കോറ ഇലവനും തമ്മിലായിരുന്നു മല്‍സരം.
ആദ്യം ബാറ്റിങിനിറങ്ങിയ സിജെഐ ഇലവൻ 20 ഓവറിൽ 126 റൺ നേടി. 25 റൺ അടിച്ച് ജസ്റ്റിസ് കെ.വി.വിശ്വനാഥൻ ടോപ്പ് സ്കോററായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഭിഭാഷകരുടെ ടീം 17 ഓവറിൽ 126 റൺസിന് മത്സരം സമനിലയിൽ തീർപ്പാക്കി. മത്സരം ആസ്വദിച്ചെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീം കോടതി അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ് അസോസിയേഷൻ അഥവാ സ്കോറയാണ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. ന്യൂ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. അഭിഭാഷകരുടെ എട്ട് ടീമുകള്‍ തമ്മിലാണ് ഇനിയുള്ള മല്‍സരങ്ങൾ.