കാഴ്ച സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുകയായിരുന്ന യുവാവിന്‍റെ കണ്ണിൽ നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു. ഭോപ്പാൽ എയിംസിലെ ഡോക്ടർമാരാണ് മധ്യപ്രദേശിൽ നിന്നുള്ള 35 കാരന്‍റെ കണ്ണിൽ നിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തത്. യുവാവിന്‍റെ കണ്ണിൽ ചുവപ്പ് നിറവും വേദനയും ഉണ്ടായിരുന്നു.
പല ഡോക്ടർമാരെയും കണ്ട് പല മരുന്നുകൾ കഴിച്ചിട്ടും കാഴ്ച കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടതോടെയാണ് യുവാവ് എയിംസിൽ എത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷം യുവാവിന്‍റെ കണ്ണിനുള്ളിൽ ഒരിഞ്ച് നീളമുള്ള വിര ചലിക്കുന്നത് കണ്ട് ഡോക്ടർമാർ ഞെട്ടി. കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിലാണ് വിര ജീവിച്ചിരുന്നത്. പച്ചയായതോ നന്നായി വേവിക്കാത്തതോ ആയ മാംസം കഴിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന ഗ്നാതോസ്റ്റോമ സ്പൈനിഗെറം എന്ന വിരയെയാണ് യുവാവിന്‍റെ കണ്ണിൽ കണ്ടതെന്ന് ഡോക്ടർമാർ പറഞ്ഞു.