ജൂനിയർ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വെയ്റ്റ്ലിഫിറ്റിങ് താരം പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പു ‘റോഡ്’ കഴുത്തിൽ വീണുമരിച്ചു. രാജസ്ഥാനിലെ ബികാനിറിലുള്ള ജിമ്മിൽ പരിശീലിക്കുന്നതിനിടെ 17 വയസ്സുകാരിയായ യാസ്തിക ആചാര്യയാണു മരിച്ചത്. യാസ്തികയുടെ കഴുത്ത് ഒടിഞ്ഞുപോയതായി പൊലീസ് പറഞ്ഞു.
താരത്തിന്റെ പരിശീലന വിഡിയോ പുറത്തുവന്നിട്ടുണ്ട്. അടുത്തു തന്നെ പരിശീലകനും നിൽക്കുന്നുണ്ടെങ്കിലും ഭാരം താങ്ങാനാകാതെ ഇരുവരും താഴെ വീഴുകയായിരുന്നു. വീഴ്ച്ചയിൽ പരിശീലകനും പരുക്കേറ്റു. യാസ്തികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.