മേക്കപ്പ് ഒന്നും ഇട്ടില്ലേ എന്ന കമന്റിനു താഴെ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസെടുത്തു. അസം ഗുവാഹത്തി കൊക്രാജർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ആയ വർനാലി ദേകയുടെ ചിത്രത്തിനു താഴെവന്ന കമന്റിനാണ് അമിത് ചക്രവർത്തി എന്ന യുവാവ് ചിരിക്കുന്ന ഇമോജിയിട്ടത്. സൈബർ സ്പേസിൽ ശല്യപ്പെടുത്തിയെന്നും അപകീർത്തികരമായ കമന്റിട്ടെന്നും ആരോപിച്ച് യുവാവടക്കം മൂന്ന്പേർക്കെതിരെയാണ് കേസെടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ വർനാലി ദേകയുടെ വീടിന് 273 കിലോമീറ്റർ അകലെ താമസിക്കുന്ന അമിതിനെ കൊക്രാജർ കോടതിയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. സംഭവത്തിൽ നരേഷ് ബരുവ, അബ്ദുൽ സുബൂർ ചൌധരി എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വർനാലി ദേകയുടെ ചിത്രത്തിന് താഴെ ‘ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം’ എന്ന കമന്റ് നരേഷ് ബരുവയാണ് പോസ്റ്റ് ചെയ്തത്. ഇതിനാണ് സ്മൈലി ഇമോജിയിട്ട് അമിത് ചക്രവർത്തി പ്രതികരിച്ചത്. നിങ്ങളുടെ പ്രശ്നം എന്താണെന്ന് വർനാലി കമന്റിനോട് തിരിച്ച് പ്രതികരിക്കുന്നുണ്ട്.