മഹാകുംഭമേളയില്‍ പല്ലുതേയ്ക്കാന്‍ വേപ്പിന്‍കമ്പുവിറ്റ് യുവാവ് ലക്ഷങ്ങള്‍ നേടിയ വാര്‍ത്ത വൈറലായിരുന്നു. ഇപ്പോഴിതാ, മഹാകുംഭമേളയില്‍ ചായ വിറ്റും ലാഭം കൊയ്തിരിക്കുകയാണ് ഒരു വ്ലോഗര്‍. ശുഭം പ്രജാപത് എന്ന യുവാവാണ് ഇത്തരത്തില്‍ വ്യത്യസ്ത പരീക്ഷണവുമായി മഹാകുംഭമേളയ്ക്കെത്തിയത്. ചായയ്ക്കൊപ്പം വെള്ളം കൂടി വില്പനയ്ക്കു വച്ചതോടെ കച്ചവടം പൊടിപൊടിച്ചു. കുംഭമേളയില്‍ വില്‍പ്പന നടത്തുന്ന വിഡിയോ മാഡ്കാപ് എലൈവ് എന്ന പേജിലും പങ്കുവച്ചിരുന്നു. 13 മില്യണിലധികം ആളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.
ഒരു ഗ്ലാസ് ചായയ്ക്ക് 10 രൂപ എന്ന നിരക്കില്‍ കണ്ടെയ്‌നറില്‍ ചായയുമായി നടന്നായിരുന്നു വില്പന. ഡിസ്‌പോസിബിള്‍ ഗ്ലാസിലാണ് ചായ നല്‍കിയത്. ഇത്തരത്തില്‍ ഒരു ദിവസം യുവാവ് വിറ്റത് 7000 രൂപയുടെ ചായയും വെള്ളവുമാണ്. ഇതില്‍ 5000 രൂപയായിരുന്നു ലാഭം.
ഒരു ദിവസം 5000 രൂപ ലാഭം ലഭിച്ചാല്‍ ഒരു മാസം എത്ര ലഭിക്കുമെന്നാണ് ചിലര്‍ കണക്കുകൂട്ടുന്നത്. കുംഭ് ചായ്‌വാല എന്നാണ് ഒരാള്‍ വ്‌ളോഗറെ വിശേഷിപ്പിച്ചത്. ഇങ്ങനെയാണ് ബിസിനസ് നടത്തേണ്ടതെന്നും ഇനിയും വിജയം കൈവരിക്കാന്‍ സാധിക്കട്ടെയെന്നും ആരാധകര്‍ ആശംസിക്കുന്നു.