2025 നെ സ്വാഗതം ചെയ്യുന്നതിനായി ഇന്ത്യക്കാർ വാങ്ങി കൂട്ടിയതിൽ മുന്തിരിയും ഐസ്ക്രീമും കോണ്ടവും ചിപ്സും സോഫ്റ്റ് ഡിങ്ക്സും മുൻപന്തിയിൽ. പാർട്ടിയും സംഗീതവുമായി വെറെ ലെവൽ ആഘോഷം നടക്കുന്നതിനിടെയിലും ബ്ലിങ്കിറ്റിൽ, സെപ്റ്റോ, സ്വിഗി ഇൻസ്റ്റമാർട്ട് എന്നി ഇ–കോമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ നടത്തിയ വിൽപ്പനയുടെ കണക്കാണിത്. 2023 ൽ പുതുവർഷ തലേന്ന് നടത്തിയ വിൽപ്പനയെ ഇത്തവണ മറികടന്നു.
ഡിസംബർ 31ന് രാത്രി എട്ടു മണിക്ക് ബ്ലിങ്കിറ്റിൽ വഴി 2.30 ലക്ഷം ആലു ഭുജിയ പാക്കറ്റുകളാണ് ബ്ലിൻകിറ്റ് വിറ്റത്. രാത്രി 7.30 ഓടെ മിനുറ്റിൽ 583 ചിപ്സാണ് സ്വിഗി ഇൻസ്റ്റാമാർട്ടിൽ വിറ്റത്. പാൽ, ചിപ്‌സ്, ചോക്ലേറ്റ്, മുന്തിരി, പനീർ എന്നിവയാണ് പുതുവത്സര തലേന്ന് സ്വിഗിയിലെ ട്രെൻഡിങ് സബ്ജറ്റുകൾ.
പാർട്ടി മൂഡിലായിരുന്ന വൈകീട്ട് ഐസ് ക്യൂബിനും കൂൾ ഡ്രിങ്സിനും വലിയ വിൽപ്പനയുണ്ടായി. 6834 പാക്കറ്റ് ഐസ് ക്യൂബാണ് ബ്ലിങ്കിറ്റിൽ രാത്രി എട്ടു മണിക്ക് വിറ്റത്. 45,531 കുപ്പിവെള്ളവും. ഇൻസ്റ്റാമാർട്ടിൽ രാത്രി 7.41 ന് 119 കിലോ ഐസ് ക്യൂബും വിറ്റു. ലുധിയാന, രാജ്കോട്ട്, പോണ്ടിച്ചേരി, കാൻപൂർ നഗരങ്ങളിൽ സാധാരണ ദിവസമുണ്ടാകുന്ന ശരാശരി വിൽപ്പനയേക്കാൾ 2-3 ഇരട്ടി വിൽപ്പന നടന്നു.
1,22,356 പാക്കറ്റ് കോണ്ടമാണ് ബ്ലിങ്കിറ്റിൽ വഴി പുതുവത്സര തലേന്ന് വിറ്റത്. ചോക്ലേറ്റ്, സ്ട്രോബറി ഫ്ലേവറിലുള്ള കോണ്ടത്തിനാണ് രാത്രി ആവശ്യക്കാർ ഏറെയും. 39 ശതമാനം കോണ്ടവും ചോക്ലേറ്റ് ഫ്ലേവറിലുള്ളതായിരുന്നു. സ്ട്രോബറി ഫ്ലേവറിൽ 31 ശതമാനവും വിറ്റു. അപ്രതീക്ഷത മുന്നേറ്റമുണ്ടാക്കിയ വസ്തു പുരുഷന്മാരുടെ അണ്ടർ വെയറാണ്. കഴിഞ്ഞ ചൊവ്വാഴ്ചത്തേക്കാൾ വലിയ വിൽപ്പന ഇന്നലെയുണ്ടായി.
ബ്ലിങ്കിറ്റ് സിഇഒ അൽബിന്ദർ ദിൻഡ്സ, സ്വിഗി, സ്വിഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ സഹസ്ഥാപകൻ ഫാനി കിഷൻ എന്നിവരുടെ എക്സ് പോസ്റ്റിലാണ് ഈ വിവരങ്ങളുള്ളത്. ഇന്നലെ രാത്രി ബുക്ക് ചെയ്ത എട്ട് ഓർഡറുകളിൽ ഒന്ന് ഓർഡർ ഫോർ അതേഴ്സ് രീതിയിലുള്ളതായിരുന്നു. മദേഴ്സ് ഡേ, വാലന്റൈൻസ് ഡേ എന്നിവയെ മറികടന്ന് ഈ രീതി ഉപയോഗിക്കുന്നതും പുതുവത്സര തലേന്നാണ്. ബ്ലിങ്കിറ്റിൽ ഹൈദരാബാദിൽ നിന്നുള്ള ഒരു ഓർഡറിന് 2500 രൂപയാണ് ടിപ്പായി നൽകിയത്. മൊത്തം ടിപ്പ് നൽകിയതിൽ ബെംഗളൂരുവാണ് മുന്നിൽ 1,79,735 രൂപയാണ് ടിപ്പായി നൽകിയത്.