സ്വിഗി ജീനി ഡെലിവറി ഏജന്റ് ലൈംഗീകാധിക്ഷേപം നടത്തിയെന്ന പരാതിയുമായി യുവാവ്. ബെംഗളൂരുവില്‍ വച്ച് തനിക്ക് നേരിട്ട ദുരനുഭവം 24കാരനായ യുവാവ് തന്നെയാണ് റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. സുഹൃത്തിന്റെ ഫ്ളാറ്റിലായിരിക്കെ തന്റെ ഫ്ളാറ്റിന്റെ താക്കോല്‍ ഒപ്പം താമസിക്കുന്ന ആള്‍ക്ക് കൈമാറുന്നതിനാണ് സ്വിഗി ജീനിയില്‍ യുവാവ് ബുക്ക് ചെയ്തത്.
തന്റെ കയ്യില്‍ നിന്നും പാക്കേജ് വാങ്ങിയിട്ടും സ്വിഗി ഏജന്റ് അല്പ സമയം അവിടെ തന്നെ നിന്നു. തന്നോട് ഒടിപി ചോദിച്ചു. ഫോണ്‍ പരിശോധിച്ച് ഒടിപി ഒന്നും വന്നിട്ടില്ലെന്ന് പറഞ്ഞു. കുറച്ച് സമയം കൂടി അയാള്‍ അവിടെ നിന്നു. ഓറല്‍ സെക്സിന് താല്പര്യമുണ്ടോ എന്ന് ചോദിച്ചു. ഞെട്ടിപ്പോയ താന്‍ ഇല്ലെന്ന് മറുപടി നല്‍കിയെന്നും യുവാവ് പറയുന്നു.
ഉടനെ തന്നെ ഈ വിവരം സുഹൃത്തുക്കളെ അറിയിച്ചു. ഡെലിവറി ഏജന്റില്‍ സുരക്ഷിതത്വം തോന്നുന്നില്ലെന്നും പാക്കേജ് തിരിച്ചുവാങ്ങണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഉടനെ പരാതി നല്കുവാനായി സ്വിഗിയെ സമീപിച്ചെങ്കിലും നിരാശ ആയിരുന്നു ഫലമെന്നും യുവാവ് പറയുന്നു. റാപിഡോയുമായി തങ്ങള്‍ക്ക് പങ്കാളിത്തുമുണ്ടെന്നും ഏജന്റ് അവരുടേതാണെന്നുമാണ് സ്വിഗി ആദ്യം നല്കിയ മറുപടി. അത് തന്റെ പ്രശ്നമല്ല, സ്വിഗി ജീനിയിലൂടെയാണ് താന്‍ ഓര്‍ഡര്‍ ചെയ്തത്. അതുകൊണ്ട് അയാള്‍ സ്വിഗി ജീനിയില്‍ നിന്നുമാണ് വന്നതെന്നും യുവാവ് മറുപടി നല്കി. യുവാവ് നിലപാട് കടുപ്പിച്ചതോടെ ഏജന്റിനെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയെന്നും ഏജന്റിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും സ്വിഗി അറിയിച്ചു.