ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന് കടയിലേക്കാള്‍ 81 ശതമാനം തുക അധികം വാങ്ങിയത് കണ്ട് ഞെട്ടി യുവാവ്. ഒട്ടുംമടിച്ചില്ല, നേരെ എക്സില്‍ കയറി അനുഭവം അങ്ങ് പോസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയെ ടാഗ് ചെയ്താണ് കോയമ്പത്തൂര്‍ സ്വദേശിയുടെ പോസ്റ്റ്. വെറും രണ്ടുകിലോമീറ്റര്‍ മാത്രം അകലെയുള്ള റസ്റ്ററന്‍റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനാണ് ഇത്രയും തുക അധികം വാങ്ങിയതെന്ന് പോസ്റ്റില്‍ പറയുന്നു.
ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ ബില്ലും അതേ ഹോട്ടലില്‍ നേരിട്ട് പോയി കഴിച്ചതിന്‍റെ ബില്ലും ചേര്‍ത്താണ് യുവാവിന്‍റെ കുറിപ്പ്. അതില്‍ പറയുന്നത് ഇങ്ങനെ: ‘ആപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള അതേ ഔട്‍ലറ്റില്‍ നേരിട്ട് പോയി ഭക്ഷണം വാങ്ങുന്നതിനെക്കാള്‍ 81 ശതമാനം ചെലവ് കൂടുന്നത് എന്തുകൊണ്ടാണ്? രണ്ടുകിലോമീറ്റര്‍ ദൂരത്ത് ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ അധികം വാങ്ങിയത് 663 രൂപയാണ്. ഇതേക്കുറിച്ച് ദയവായി വിശദീകരിച്ചാലും...’ സ്വിഗ്ഗിയെ മെന്‍ഷന്‍ ചെയ്താണ് വരികള്‍.
ബില്ലിന്‍റെ സ്ക്രീന്‍ഷോട്ട് പ്രകാരം ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത്പോള്‍ ആകെ 1473 രൂപ ബില്ലായി. അതേ ഭക്ഷണം അതേ കടയില്‍ പോയി വാങ്ങിയപ്പോഴത്തെ ബില്ല് 810 രൂപ. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം കുറിപ്പ് വൈറലായി. രണ്ട് മില്യനിലധികം പേര്‍ ട്വീറ്റ് കണ്ടു. ഒട്ടേറെപ്പേര്‍ കമന്‍റും ചെയ്തു. സ്വിഗ്ഗിയോ സൊമാറ്റോയോ അല്ല റസ്റ്ററന്‍റാണ് ഈ തുക ഈടാക്കുന്നതെന്നാണ് പലരുടെയും കമന്‍റ്. എന്നാല്‍ യുവാവിനെ അനുകൂലിച്ച് സമാന അനുഭവം നേരിട്ട ഒട്ടേറെപ്പേും രംഗത്ത് വന്നിട്ടുണ്ട്.