maggie-sale

TOPICS COVERED

തണുപ്പുള്ള കാലാവസ്ഥയിൽ മലനിരകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ആശ്വാസമായി നല്ല ചൂട് മാഗി കിട്ടിയാലോ? ഡല്‍ഹി സ്വദേശിയായ ഒരു കണ്ടന്‍റ് ക്രിയേറ്ററുടെ പുതിയ ബിസിനസ് പരീക്ഷണത്തിന് കയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. ഒരു ദിവസം കൊണ്ട് എത്ര പണം സമ്പാദിക്കാമെന്ന് നോക്കാൻ അദ്ദേഹം മലയോര പാതയോരത്ത് ഒരു താല്കാലിക മാഗി സ്റ്റാൾ സ്ഥാപിക്കുകയായിരുന്നു.

ദേവാൻഷ് ത്യാഗി എന്ന യുവാവ് നടത്തിയ ഈ പരീക്ഷണം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്. മനോഹരമായ ഒരു മലയോര സ്ഥലത്ത് അദ്ദേഹം താല്കാലിക ഭക്ഷണശാല നിർമ്മിച്ച് അതുവഴി കടന്നുപോകുന്ന വിനോദസഞ്ചാരികൾക്കും ട്രെക്കിങ് നടത്തുന്നവർക്കും മാഗി വിൽക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇൻസ്റ്റന്റ് ന്യൂഡിൽസ് പാക്കറ്റുകൾ, പാചക ഉപകരണങ്ങൾ, മടക്കാവുന്ന മേശകൾ, പ്ലാസ്റ്റിക് കസേരകൾ എന്നിവയുമായി ത്യാഗി മലമുകളിലെത്തുന്നതും തുടർന്ന് മലനിരകളുടെ ഭംഗി ആസ്വദിക്കാനാകുന്ന തരത്തിൽ ഒരു ചെറിയ ഓപ്പൺ എയർ കഫേ ഒരുക്കുന്നതും വിഡിയോയിൽ കാണാം. സ്റ്റാൾ തുറന്നയുടൻ തന്നെ മലനിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് ചൂടുള്ള മാഗി കഴിക്കാൻ ഉപഭോക്താക്കൾ അവിടെ നിർത്താൻ തുടങ്ങി. ഈ ക്രിയേറ്റർ തന്നെയാണ് ഓരോ ഓർഡറും സ്വയം തയ്യാറാക്കിയതും ദിവസം മുഴുവൻ വന്നവരോട് സംസാരിച്ചതും. ഒരു പ്ലേറ്റ് സാധാരണ മാഗിക്ക് 100 രൂപയും, ബട്ടർ മാഗിക്ക് 120 രൂപയുമായിരുന്നു ഈടാക്കിയത്.

ഈ ചലഞ്ച് അവസാനിച്ചപ്പോൾ, ഒരു ദിവസം കൊണ്ട് മാത്രം തന്റെ സ്റ്റാളിൽ നിന്ന് 24,000 രൂപ വരുമാനമുണ്ടായതായി ത്യാഗി അവകാശപ്പെട്ടു. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ 11.2 കോടിയിലധികം  ആളുകൾ കാണുകയും വലിയ രീതിയിലുള്ള പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. മലനിരകളിൽ മാഗി വിൽക്കുന്നത് സാധാരണ കോർപ്പറേറ്റ് ജോലികളേക്കാൾ ലാഭകരമാണെന്ന് പല ഉപഭോക്താക്കളും തമാശയായി കുറിച്ചു. ‘പുതിയൊരു ബിസിനസ്സ് ഐഡിയ കണ്ടെത്തിയിരിക്കുന്നു’ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ‘ഞാനും ഇതെല്ലാം ഉപേക്ഷിച്ച് മാഗി വിൽക്കാൻ മലമുകളിലേക്ക് പോവുകയാണ്, ഗവൺമെന്റ് പരീക്ഷയൊക്കെ പോയി തൊലയട്ടെ’ എന്ന് മറ്റൊരാൾ എഴുതി.

എന്നാൽ ഈ 24,000 രൂപ എന്നത് മൊത്തം കച്ചവട തുകയാണെന്നും യഥാർത്ഥ ലാഭമല്ലെന്നും ചിലർ ചൂണ്ടിക്കാണിച്ചു. ചേരുവകൾ, ഗതാഗതം, ഇന്ധനം, ഇരിപ്പിടങ്ങൾ, ഡിസ്പോസിബിൾ പാത്രങ്ങൾ എന്നിവയ്ക്കുള്ള ചെലവുകൾ കുറയ്ക്കുമ്പോൾ അന്തിമ വരുമാനം ഗണ്യമായി കുറയുമെന്നും ചിലര്‍ ഓര്‍മിപ്പിച്ചു. വിഡിയോയിൽ കാണിച്ച പാചകത്തിന്‍റെ ശുചിത്വ രീതികളെയും ഒരു വിഭാഗം ആളുകൾ ചോദ്യം ചെയ്തു. 

ENGLISH SUMMARY:

A content creator's innovative business experiment of setting up a temporary Maggi stall in the mountains has gone viral. He earned a significant amount in a single day, sparking conversations about unconventional business opportunities