സമാനതകളില്ലാത്ത തിരക്കഥകൾ കൊണ്ട് മലയാളിയുടെ സിനിമ മനസിനെ വികാരഭരിതമാക്കിയ പത്മരാജന്‍റെ ഓർമകൾക്ക് മുപ്പത്തിമൂന്നാണ്ടിന്‍റെ ശ്രദ്ധാഞ്‌ജലി. വഞ്ചനയും പ്രണയവും നിഗൂഢതയും പ്രമേയമാക്കി സിനിമ പ്രേമികൾക്ക് മറക്കാനാവാത്ത ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച് നാൽപതിയാറാമത്തെ വയസിൽ നക്ഷത്രങ്ങൾ കാവലുള്ള ലോകത്തേക്ക് മടങ്ങി പത്മരാജൻ.
മലയാളിയുടെ പ്രണയമനസിൽ ഒരേ ഒരു ഗന്ധർവനേയുള്ളു. പതക്കത്തിലെ മുത്തിൽ ചുംബിക്കുമ്പോൾ പ്രണയിക്കാനെത്തുന്ന പത്മരാജൻ സമ്മാനിച്ച ഗന്ധർവ്വൻ. 1975മുതൽ 1991വരെ മാത്രം നീണ്ടു നിന്ന എഴുത്തു ജീവിതം കൊണ്ട് മലയാള ഭാഷയും മലയാളി മനസിന്‍റെ കാമനകളും മരിക്കാത്ത കാലം വരെ നിലനിൽക്കുന്ന സൃഷ്ടികൾ തീർക്കാൻ പത്മരാജന് സാധിച്ചു.
ആവിഷ്കൃത സംവിധാനശൈലി കൊണ്ടും ആഴത്തിൽ പതിയുന്ന ഉൾക്കാമ്പുള്ള രചനകൊണ്ടും മലയാള സാഹിത്യത്തിലും സിനിമയിലും പത്മരാജൻ ഒരുപോലെ തിളങ്ങി. ഒരു പെൺകുട്ടിയുടെ പ്രണയ ഭാവനയിലേക്ക്, തിരയിൽ ഓളം തെന്നി വന്നൊരു ഗന്ധർവ പ്രതിമയെ ചേർത്ത് വെക്കുമ്പോൾ അതിൽ അതിഭാവനയും, നിഗൂഢതയും,വഞ്ചനയും, നൈരാശ്യവും എന്നുവേണ്ട നമുക്ക് മനസിലാവുന്നതും ആവാത്തതുമായ ഭാവങ്ങളെല്ലാം പകർന്നുവെച്ചു. ഞാൻ ഗന്ധർവ്വൻ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതും തൊട്ട് പിന്നാലെ പത്മരാജൻ മരണപ്പെട്ടതും ഗന്ധർവ ശാപം കൊണ്ടെന്നു പോലും ആളുകൾക്കിടയിൽ സംസാരമാകും വിധം വിശ്വാസ്യതയുള്ളതായിരുന്നു ഞാൻ ഗന്ധർവ്വന്‍റെ തിരക്കഥ.
കെ കെ സുധാകരൻ രചിച്ച നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കം എന്ന നോവലിനെ അടിസ്ഥാനമാക്കി 1986ൽ പത്മരാജൻ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ സമ്മാനിച്ചപ്പോൾ സോളമനെ പോലൊരു നട്ടെല്ലുള്ള കാമുകനെ കൊതിക്കാത്ത കുമാരികൾ കുറവായിരുന്നു. സോളമനിൽ നിന്ന് കടം കൊണ്ട സിനിമ ഏറെ ജനപ്രീതി നേടി. ഭരതന്‍റെ ആദ്യ സംവിധാനത്തിൽ വന്ന പ്രയാണത്തിന്‍റെ തിരക്കഥ പത്മരാജന്‍റേതായിരുന്നു. പിന്നെയും തിരക്കഥകൾ പലത് കഴിഞ്ഞാണ് പത്മരാജൻ സംവിധായകന്‍റെ മേലങ്കിയണിഞ്ഞത്.1979ൽ പെരുവഴിയമ്പലം.. എഴുത്തിന്‍റെ ലോകത്തായിരുന്നു പപ്പേട്ടൻ തന്നെ അടയാളപ്പെടുത്തി വെച്ചത്. നക്ഷത്രങ്ങളെ കാവൽ, ഉദകപ്പോള, ഇതാ ഇവിടെ വരെ, പ്രതിമയും രാജകുമാരിയും,അപരൻ, അവളുടെ കഥ.. അങ്ങനെ കൗമാരങ്ങൾ വായിച്ചുതീർത്ത എത്രയെത്ര നോവലുകൾ, കഥകൾ.
ജയറാം,അശോകൻ,ശാരി, സുഹാസിനി, തുടങ്ങി അഭിനയലോകത്തിനു പ്രതിഭകളെ സംഭാവന ചെയ്‍തതിലും പിശുക്കില്ലായിരുന്നു പത്മരാജന്. ജീവിത നൈരന്തര്യങ്ങളിൽ നമുക്ക് പരിചിതമല്ലാത്ത ഒട്ടേറെ മുഹൂർത്തങ്ങൾ പപ്പേട്ടന്‍റെ കഥകളിൽ ഉണ്ടാവും.. മൂന്നാം പക്കത്തിലെ തിലകൻ പൈലോക്കാരനിൽ നിന്ന് എത്രയോ വ്യത്യസ്തനാണ്. രതിയും കാമ ഭാവനകളും അതിമനോഹരമായി ദൃശ്യവത്കരിക്കപ്പെട്ടത് ഭരതനെന്ന ശില്പിയും പത്മരാജൻ എന്ന സ്രഷ്ടാവും ഒന്നിച്ചത് കൊണ്ടാണ് .സമൂഹം പറയാൻ മടിച്ച മനുഷ്യസഹജ വാസനകളെ മടിയില്ലാതെ പറഞ്ഞല്ലോ രതിനിർവേദം ,ദേശാടനക്കിളി കരയാറില്ല എന്ന ചിത്രങ്ങളിൽ. വിമർശകരെ മാടിവിളിച്ച കഥകളെ ഉണ്ടായിട്ടുള്ളൂ എന്നും. തൂവാനത്തുമ്പികളിൽ മോഹൻലാൽ പറഞ്ഞത് ശരിയായ തൃശൂർ ഭാഷയല്ലെന്ന്, ഇന്നും വിമർശനമുയർത്തുന്നവർക്ക് പറയാൻ അവസരം ഉണ്ടാവുന്നത് ആ സിനിമ ഇനിയുമേറെ കാലം ചർച്ചയാവും എന്നതിന്‍റെ കൂടി തെളിവാണല്ലോ.റൊമാന്‍റിസത്തിന്‍റെ ചിഹ്നം ചാർത്തിയ തൂവാനത്തുമ്പികൾ എൺപതുകളിലെ നിറയൗവ്വന മനസിൽ ഡ്രാഗൺ ഫ്ലൈസ് ഇൻ സ്പ്രേയിങ് റൈൻ ആയി എത്രയോ കാലം പെയ്തു നിന്നു. വിഹ്വലമായ ചിന്തകളുടെ ആവിഷ്കാരഭാരം താങ്ങാഞ്ഞാവണം ആർദ്രമുഹൂർത്തങ്ങളുടെ തമ്പുരാന്‍റെ ഹൃദയതാളം നിലച്ചു പോയത്. അരപ്പട്ട കെട്ടിയ ദൂരെയോരിടത്തൊരു ഗ്രാമത്തിൽ ഫയൽവാനായി ഉണ്ടാവും പപ്പേട്ടൻ.. നക്ഷത്രങ്ങൾ കാവലുള്ളിടത്തോളം കാലം.
30 years since the memory of Padmarajan