നാലുപതിറ്റാണ്ടിനിപ്പുറം ദേശാടനക്കിളികള്‍ കണ്ടുമുട്ടി! ആ ആനന്ദ നിമിഷത്തിന് സാക്ഷിയായി പത്മരാജന്‍റെ പത്നി രാധാ ലക്ഷ്മിയും. പത്മരാജന്‍ സംവിധാനം ചെയ്ത 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമയിലെ നായികമാരായിരുന്ന ശാരിയും കാര്‍ത്തികയുമാണ് വീണ്ടും കണ്ടുമുട്ടിയത്. ചിത്രത്തിന്‍റെ തിരക്കഥയുടെ റിലീസിങിനായാണ് ശാരി എത്തിയത്. തിരുവനന്തപുരത്ത് കാര്‍ത്തികയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
കാറില്‍ നിന്നിറങ്ങിയെത്തിയ ശാരി, കാര്‍ത്തികയെ കെട്ടിപ്പിടിച്ചു. നാല് പതിറ്റാണ്ടിനപ്പുറമുള്ള ഓര്‍മകള്‍ പങ്കിട്ടപ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. അന്ന് സ്കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം ശാരി ഫോണില്‍ തിരഞ്ഞ് കണ്ടെത്തിയതോടെ സന്തോഷം ഇരട്ടിയായി. 1986ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ആദ്യത്തെ സിനിമ കഴിഞ്ഞപ്പോള്‍ ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്നും അന്ന് പത്മരാജന്‍ നേരിട്ടെത്തി വീട്ടുകാരോട് സംസാരിച്ചാണ് വീണ്ടും അഭിനയിച്ചതെന്നും കാര്‍ത്തിക പറയുന്നു. നേരിട്ട് വന്ന് അദ്ദേഹം ക്ഷണിച്ചപ്പോള്‍ അമ്പരന്ന് പോയെന്നും 'നായക'വേഷമാണെന്ന് പറഞ്ഞപ്പോള്‍ അതിലേറെ ഞെട്ടിയെന്നും നായിക 'നിമ്മി'യാണെന്ന് പറഞ്ഞുവെന്നും അന്നുമുതലുള്ള സൗഹൃദമാണ് കാര്‍ത്തികയുമായിട്ടുള്ളതെന്നും ശാരി വെളിപ്പെടുത്തി.
കാര്‍ത്തിക അതിവേഗത്തില്‍ ടേക്ക് ഓക്കെ ആക്കുമായിരുന്നുവെന്നും പല തവണ താന്‍ ഡയലോഗ് തെറ്റിച്ചപ്പോള്‍ വിക്കറ്റ് വീഴാറായെന്ന് ക്യാമറമാന്‍ വേണുച്ചേട്ടന്‍ കളിയാക്കുമായിരുന്നുവെന്നും ശാരി ഓര്‍ത്തെടുത്തു. പഴയ അഭിനേത്രിമാരുടെ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിനാലാണ് കൂടിക്കാഴ്ച ഇത്രയും കാലം വൈകിയതെന്നും ശാരി പറഞ്ഞു.