originalsoap

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിനേക്കാള്‍ മികച്ച ഒരു പോഷകാഹാരമില്ലെന്നാണ് ആരോഗ്യവിദഗ്​ധര്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാം മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുളള കഴിവും മുലപ്പാലിനുണ്ടെന്ന് തെളിയിക്കുകയാണ് അമേരിക്കയിലെ ഒരു യുവതി. സോപ്പ് മുതല്‍ ലോഷന്‍ വരെയുളള ഉല്‍പ്പന്നങ്ങളാണ് യുവതി മുലപ്പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ സ്വന്തമായി ഒരു ബിസിനസ് സംരംഭം തന്നെ യുവതി ആരംഭിച്ചു കഴിഞ്ഞു.

britnieddyandsoap

 

soapandlotion

അമേരിക്കക്കാരിയായ ബ്രിട്​നി എ‍ഡ്ഡി എന്ന യുവതിയാണ് തന്‍റെ വ്യത്യസ്തമായ ബിസിനസ് സംരംഭം കൊണ്ട് സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ എറ്റവും മികച്ച ഒന്നാണ് മുലപ്പാലെന്നാണ് ബ്രിട്​നി പറയുന്നത്. മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ദ്ധിപ്പിക്കാനും മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയുമെന്നും ബ്രിട്​നി പറയുന്നു. മുലപ്പാലു കൊണ്ട് തയ്യാറാക്കുന്ന സോപ്പ് , ക്രീം, ലോഷന്‍ എന്നിവ ഉപയോഗിക്കുന്നത് വഴി ചര്‍മത്തിന്‍റെ പ്രായാധിക്യം തടയാനും, വരണ്ട ചര്‍മം അകറ്റാനും, തിളക്കം വര്‍ദ്ധിപ്പിക്കാനുമെല്ലാം കഴിയുമെന്നും ബ്രിട്​നി അവകാശപ്പെടുന്നു.

 

അടുത്തകാലത്തായി ഒരഭിമുഖത്തില്‍ എങ്ങനെയാണ് ഇത്തരത്തിലൊരു ബിസിനസിലേക്കെത്തിയത് എന്ന് ബ്രിട്​നി വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ മുലപ്പാല്‍ ഫ്രിഡ്ജില്‍ വച്ചപ്പോള്‍ അതറിയാതെ തന്‍റെ ഭര്‍ത്താവ് ഫ്രിഡ്ജ് ഓഫ് ചെയ്​തെന്നും പിന്നീട് നോക്കിയപ്പോള്‍ പാല് ചീത്തയായതായി കണ്ടെന്നും ബ്രിട്​നി പറഞ്ഞു. ചീത്തയായെങ്കിലും പാല് വെറുതെ കളയാന്‍ മനസുവരാത്തതിനാല്‍ അതുപയോഗിച്ച് എന്തെങ്കിലും ചെയ്തു നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ആദ്യമായി മുലപ്പാല്‍ ഉപയോഗിച്ച് സോപ്പ് തയ്യാറാക്കിയത്. മുലപ്പാലിന് ആന്‍റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുളളതിനാല്‍ ചര്‍മ്മത്തെ ഈര്‍പ്പമുളളതാക്കി നിലനിര്‍ത്താനും കഴിയും. അങ്ങനെയാണ് താന്‍ ഇങ്ങനെയൊരു ബിസിനസ് ആരംഭിക്കുന്നതെന്ന് ബ്രിട്​നി പറയുന്നു.

 

'മമാസ് മാജിക് മില്‍ക്ക്' എന്നാണ് ബ്രിട്​നി ബ്രാന്‍ഡിന് നല്‍കിയിരിക്കുന്ന പേര്. മുലപ്പാല്‍ സോപ്പ് ഒരു ബാറിന്‍റെ വില 30 ഡോളറാണ്. എകദേശം 2493 രൂപ. ക്രീമിനും ലോഷനും 15 ഡോളറോളം വില വരും. എകദേശം 1246 രൂപ. മുലപ്പാലുകൊണ്ടുളള ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറയാണെന്നും ധാരാളം ഓണ്‍ലൈന്‍ ഓഡറുകള്‍ ലഭിക്കുന്നുണ്ടന്നും ബ്രിട്​നി പറയുന്നു.

 

American woman launches breastmilk soap and lotions

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ...