അങ്ങനെ പറ‍ഞ്ഞു പറഞ്ഞ് ഓണമിങ്ങെത്തി.  ഇനി ഓണപ്പാട്ട് ഓണക്കളി, ഓണപൂവ് അങ്ങനങ്ങനെ എല്ലാം ഓണമയമാണ്. കത്തുന്ന വേനലിലാണ് ഇക്കുറി മലയാളിയുടെ ഓണാഘോഷമെല്ലാം...പണ്ടത്തെ പോലെ പൂക്കള‍് ഇറുത്തും തൊടിയിൽ അലഞ്ഞും നടന്നിരുന്ന കുട്ടിക്കാലം നമുക്കിന്നില്ല. അതുകൊണ്ട്തന്നെ തുമ്പപ്പൂ എന്ന കേട്ടറിവേ ഇന്നത്തെ തലമുറയ്ക്ക് ഉള്ളു. പൂക്കളത്തിൽ തുമ്പപ്പൂവിനാണ് ഏറെ പ്രാധാന്യമുള്ളത്. ഏറെ ഔഷധ​ഗുണമുള്ള ചെടിയുമാണ് തുമ്പ. ഇന്ന് തൊടിയിലൊന്നും തുമ്പപ്പൂ കാണാനില്ല.  തുമ്പപ്പൂ പാട്ടുകളാണ് കൂടുതൽ പരിചയം എന്നു പറയേണ്ടിവരും. 

കുട്ടികൾക്ക് പണ്ട് മുത്തശിമാർ പറഞ്ഞുകൊടുത്തിരുന്നൊരു കഥയുണ്ട്.പണ്ട് മാവേലി കാണാൻ വന്നപ്പോൾ സകല പൂക്കളും ​ഗമയോടെ നിന്നു. പാവം തുമ്പപ്പൂ മാത്രം തന്നെ കാണാൻ ഭം​ഗിയില്ലെന്ന് കരുതി ഒതുങ്ങി മാറി നിന്നു. ഇതു കണ്ട മഹാബലി തുമ്പപ്പൂവിനെ വാരിയെടുത്തു എന്നാണ്  കഥ.

കവി വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയത് പോലെ. 

"പാവം തുമ്പയെ വാരിയെടുത്തഥ

ദേവൻ വച്ചൂ മൂർധാവിൽ!

പുളകം കൊള്ളുക തുമ്പപ്പൂവേ

പൂക്കളിൽ നീയേ ഭാഗ്യവതി!" 

ഇതുപോലെ മലയാളി ഏറ്റുപാടിയ പാട്ടുകളുമുണ്ട് നിരവധി.'തുമ്പയും തുളസിയും കുടമുല്ലപ്പൂവും, തൊഴു കയ്യായ് വിരിയണ മലനാട്, 'ഒരു കൂന തുമ്പപ്പൂ പകരം തരാം','തുമ്പപ്പൂ കോടിയുടുത്തു..','തുമ്പപ്പൂ പോലെ ചിരിച്ചും', 'തുമ്പപ്പൂ ചോറ് വിളമ്പി' അങ്ങനങ്ങനെ നിരവധി ​ഗാനങ്ങൾ.

എന്നാലും "ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ് " എന്ന് പാട്ടിനോടാണ്  ഇന്നത്തെ തലമുറയ്ക്ക് കൂടുതൽ ഇഷ്ടം. അങ്ങനെ ലോകമെങ്ങും ഇനി മലയാളികൾ ഓണാഘോഷത്തിരക്കിലേക്ക്.