മിമിക്രി വേദികളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരനാണ് കൊല്ലം സുധി. ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിര്‍ത്തിയായിരുന്നു സുധിയുടെ വിയോഗം. ഇതിനിടെയാണ് അംഗ്ലീക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ ഏഴു സെന്‍റ് സ്ഥലം ദാനം നല്‍കിയത്. സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുധിയുടെ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇന്ന് വീടിന്‍റെ കല്ലിടല്‍ ചടങ്ങ് നടന്നു, നടന്‍ ടിനി ടോമാണ് ഈ കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.