ഏതൊരു ഭക്ഷണപ്രേമിക്കും വായിൽ കൊതിയൂറുന്ന ഒരു വിഭവമാണ് ബിരിയാണി. ബിരിയാണിക്കൂട്ടത്തിലെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ ഹൈദരാബാദി ബിരിയാണി എന്നാകും ഭൂരിഭാഗം പേരുടെയും ഉത്തരം. വേള്‍ഡ് ബിരിയാണി ഡേയായി ആഘോഷിക്കുന്ന ജൂലൈ രണ്ടിന് ഭക്ഷണ വിതരണ ആപ്പായ സ്വിഗി ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 72 ലക്ഷം ബിരിയാണികളാണ് സ്വിഗി വഴി മാത്രം ഹൈദരാബാദുകാര്‍ വാങ്ങി കഴിച്ചത്രേ!.
ബിരിയാണിയെ ഏറ്റവും ഇഷ്ടപ്പെടുന്ന നഗരമായി ഹൈദരാബാദിനെ കണക്കുകാട്ടി തെളിയിച്ചിരിക്കുകയാണ്. 2023ലെ ആദ്യ ആറു മാസത്തിലാണ് ഹൈദരാബാദുകാര്‍ 72 ലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ചെയ്തിരിക്കുന്നത്. ഇനി ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് 1.50 കോടിയായി ഉയരുകയും ചെയ്യും.പലതരത്തിലുള്ള ബിരിയാണികള്‍ ഹൈദരാബാദുകാരുടെ ബിരിയാണി മെനിവുവിലുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ദം ബിരിയാണിയാണ് ഹൈദരാബാദുകാരുടെ ഇഷ്ട ബിരിയാണി വിഭവം. കഴിഞ്ഞ ആറു മാസത്തിനിടെ ഒമ്പതു ലക്ഷം ദം ബിരിയാണികളാണ് സ്വിഗി വിതരണം ചെയ്തത്. തൊട്ടു പിന്നിലുള്ളത് 7.9 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ച ബിരിയാണി റൈസാണ്. 5.2 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ച മിനി ബിരിയാണി മൂന്നാം സ്ഥാനത്തെത്തി.
കാലം ചെല്ലും തോറും ബിരിയാണിയോടുള്ള ഇഷ്ടം കൂടുകയാണെന്നും കണക്കുകള്‍ കാണിക്കുന്നുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബിരിയാണി ഓര്‍ഡറുകളില്‍ 8.39 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദില്‍ മാത്രം 15,000ത്തിലേറെ റസ്റ്ററന്റുകളില്‍ നിന്നും സ്വിഗി ബിരിയാണി വിതരണം ചെയ്യുന്നുണ്ട്. ഹൈദരാബാദില്‍ തന്നെ ഏറ്റവും കൂടുതല്‍ ബിരിയാണി കഴിക്കുന്നവരുള്ളത് കുകട്പാലി ഭാഗത്താണ്. മധാപൂര്‍, ബന്‍ജാര ഹില്‍സ്, ഗചിബൗലി, കൊണ്ടാപൂര്‍ എന്നീ സ്ഥലങ്ങളാണ് ബിരിയാണി പ്രേമത്തില്‍ മുന്നിൽ.