hippo

മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും ചേരിതിരിവുകളും മേൽക്കോയ്മയുമെല്ലാം നിലനിൽക്കുന്നുണ്ട്. ഇത് ശരിവയ്ക്കുന്ന ഒരു സംഭവമാണ് ദക്ഷിണാഫ്രിക്കയിലെ റോയൽ മെയ്‍ൽവെയ്ൻ വനമേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തങ്ങൾ വസിക്കുന്ന ജലാശയത്തിൽ അഭയം തേടിയെത്തിയ ഒരു ഹിപ്പോ കുഞ്ഞിനെ അവിടെയുണ്ടായിരുന്ന ഹിപ്പൊപ്പൊട്ടാമസുകൾ കൂട്ടം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ക്വേല ഡാമിൽ വച്ച് നടന്ന സംഭവം ഗൈഡ് ആയ ആൻഡി ടിൽ ആണ് ക്യാമറയിൽ പകർത്തിയത്.

പകൽ സമയം വെള്ളക്കെട്ടിനുള്ളിലാണ് ഹിപ്പൊപ്പൊട്ടാമസുകൾ ചെലവഴിക്കുക. ആ സമയത്താണ് അവിടേയ്ക്ക് ഒരു അമ്മ ഹിപ്പൊയും തീരെ ചെറിയ പ്രായത്തിലുള്ള കുഞ്ഞും അവിടേക്കെത്തിയത്. ഹിപ്പോപൊട്ടാമസുകൾ പകൽ സമയമേറെയും വെള്ളത്തിൽ കഴിയുന്നവയായതിനാൽ അതിനുള്ള ഇടം തേടിയാവാം ഇരുവരും എത്തിയതെന്ന് ആൻഡി പറയുന്നു. എന്നാൽ തങ്ങളുടെ വാസസ്ഥലത്തേക്ക് ഇവയെത്തിയത് മറ്റ് ഹിപ്പൊപ്പൊട്ടാമസുകൾക്ക് ഇഷ്ടപ്പെട്ടില്ല. ഇവരെ കണ്ട മാത്രയിൽ തന്നെ കുളത്തിലുണ്ടായിരുന്ന ഹിപ്പൊകളിൽ ഒന്ന് കുഞ്ഞിനെ ഉപദ്രവിക്കാനെന്നവണ്ണം വെള്ളത്തിലേക്ക് നീങ്ങി.

എന്നാൽ കുതറി മാറിയ ഹിപ്പൊ കുഞ്ഞ് മുറിവുകളോടെ കരയിലേക്ക് തന്നെ മടങ്ങി. ശരീരം വിറച്ച് കാലുകൾ ഇടറുന്ന നിലയിലുള്ള കുഞ്ഞിന് രക്ഷിക്കാനായിരുന്നു ആ സമയത്ത് അമ്മ ഹിപ്പൊയുടെ ശ്രമം. എന്നാൽ ഇവരെ വെറുതെ വിടാൻ ഭാവമില്ലാതെ ഹിപ്പൊപ്പൊട്ടാമസുകൾ കൂട്ടമായി ആക്രമിക്കാനായി മുന്നോട്ടു നീങ്ങി. അവയിൽ രണ്ടെണ്ണം കുഞ്ഞിനെ കടിച്ചെടുക്കുകയും മുൻകാലുകളും വായയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കുഞ്ഞിനെ ഏതു വിധേനയും രക്ഷിക്കാൻ അമ്മ ഹിപ്പൊ ശ്രമിച്ചെങ്കിലും കരുത്തന്മാരായ മറ്റ് ഹിപ്പൊകളുടെ മുന്നിൽ അതിന് തോറ്റു പിന്മാറേണ്ടി വന്നു. അപ്പോഴേക്കും കൂട്ടത്തിന്റെ നേതാവെത്തി അമ്മ ഹിപ്പൊയെഅവിടെ നിന്നും ഭയപ്പെടുത്തിയോടിക്കുകയും ചെയ്തു.

ഹിപ്പൊപ്പൊട്ടാമസുകളുടെ കൂട്ടത്തിൽ കരുത്തരായ ആൺഹിപ്പൊകൾക്കാണ് എപ്പോഴും മുൻതൂക്കം. കുഞ്ഞുങ്ങളുള്ള പെൺ ഹിപ്പൊപ്പൊട്ടാമസുകളെ ഇവ വകവയ്ക്കാറില്ല. കൂട്ടമായി കഴിയുന്നവയിലെ കരുത്തൻ നേതാവുമായിരിക്കും. തങ്ങളുടെ സമീപത്തേക്കെത്തുന്നത് മറ്റ് ഹിപ്പൊകൾ അടക്കം ഏതൊരു ജീവിയാണെങ്കിലും കൂട്ടത്തെ രക്ഷിക്കാനായി അവയെ ആക്രമിക്കുന്നത് ഇവയുടെ സ്വഭാവ രീതിയാണ്. കാഴ്ചയിൽ അത്ര ഭീകരന്മാരാണെന്ന് തോന്നില്ലെങ്കിലും പ്രകോപിതരായാൽ ഇവ അങ്ങേയറ്റം അക്രമാസക്തരാണ്. തങ്ങളുടെ കൂട്ടത്തിൽ പെടാത്ത ഹിപ്പോ കുഞ്ഞുങ്ങളെ ഇവ ആക്രമിച്ചു കൊല്ലുന്നതും പുതുമയുമല്ല.