rahul-mankoottathil-fb

സിപിഎം സ്വാതന്ത്ര്യദിനാഘോഷം ആരംഭിക്കുന്നതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ പരിഹാസക്കുറിപ്പിട്ടത്. ‘ആദ്യമായി കൊടി ഉയർത്തുന്ന പാർട്ടിക്കാരുടെ ശ്രദ്ധയ്ക്ക്, കൊടി കെട്ടുമ്പോൾ തിരിഞ്ഞ് പോകരുത്, നടുക്കത്തെ ചിഹ്നം മാറി പോകരുത്...കുറച്ച് കഴിഞ്ഞ് കൊടി കണ്ട് തെറ്റിദ്ധരിച്ച് കത്തിച്ചു കളയരുത്, കൊടി മരം തകർക്കരുത്...’ ഇതായിരുന്നു വരികൾ. 

 

സിപിഎമ്മിന്റെ ഒരു വർഷം നീളുന്ന സ്വാതന്ത്ര്യദിനാഘോഷത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനവും പരിഹാസവും ഉയർന്നിരുന്നു. ആഘോഷം ഗംഭീരമാക്കാനാണു പാർട്ടി പ്രവർത്തകർക്കും കീഴ്ഘടകങ്ങൾക്കും പോഷക സംഘടനകൾക്കും നേതൃത്വത്തിന്റെ നിർദേശം. പാർട്ടി ഓഫിസുകളിലും ഇതരസംഘടനാ ഓഫിസുകളിലും ബന്ധപ്പെട്ട സെക്രട്ടറിമാരാണു രാവിലെ ദേശീയപതാക ഉയർത്തുക. തികഞ്ഞ അച്ചടക്കത്തോടെ കൃത്യമായി ചടങ്ങു നടത്തണമെന്നും ദേശീയപതാകയുടെ ചട്ടം പാലിക്കുന്നതിൽ കണിശത വേണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

വൈകിട്ട് ആറിന് മുൻപ് പതാക താഴ്ത്തണം. ഇക്കാര്യം കൃത്യമായി നടക്കുന്നുവെന്ന് പ്രാദേശിക നേതൃത്വം  ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. പരിപാടിയെക്കുറിച്ചുള്ള വിമർശനത്തിൽ അനാവശ്യതർക്കത്തിനും വാഗ്വാദത്തിനുമല്ല, യുക്തിഭദ്രവും ചരിത്രപരവുമായി മറുപടി നൽകുകയാണ് വേണ്ടതെന്നും നേതൃത്വം പ്രവർത്തകരെ ഓർമിപ്പിക്കുന്നു.

 

പൂർണസ്വാതന്ത്ര്യം അകലെ എന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. അതിനു സംഘടന ചരിത്രപരമായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നിരത്തിയിരുന്നു. എന്നാൽ തുടർച്ചയായി കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരികയും സംഘപരിവാർ ദേശീയതാവാദം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണു സ്വാതന്ത്ര്യ ദിനാഘോഷത്തിനും സ്വാതന്ത്ര്യ സമരത്തിൽ പാർട്ടിയുടെ പങ്ക് വിശദീകരിച്ചുളള പരിപാടികൾക്കും സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്