stalin-rahul-gandhi
  • തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് പിന്നാലെ കോൺഗ്രസുമായുള്ള ബന്ധത്തിൽ കൂടുതൽ അകലം പാലിച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.

തമിഴ്നാട്ടില്‍ സഖ്യത്തില്‍ നിന്നും പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസുമായുള്ള അകലം കൂട്ടി ഡിഎംകെ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സ്റ്റാലിന്‍ ഫോണില്‍ സംസാരിക്കാന്‍ താല്‍പര്യപ്പെട്ടില്ലെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ ഓഫീസാണ് സ്റ്റാലിനെ ബന്ധപ്പെട്ടത്. സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനത്തിനു സ്റ്റാലിനെ ക്ഷണിക്കുകയായിരുന്നു രാഹുലിന്‍റെ ലക്ഷ്യം. 

രാഹുലിന്‍റെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട വിവരം അറിയിച്ചപ്പോൾ മറ്റുതിരക്കിലാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. എന്നാൽ സോണിയയുടെ പുസ്തകത്തിനു അഭിനന്ദനം അറിയിച്ച് സ്റ്റാലിൻ സന്ദേശ അയച്ചതായി ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഒരു കാലത്ത് അടുത്ത ബന്ധത്തിലായിരുന്നെങ്കിലും തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഇരുനേതാക്കളും അകന്നത്. 

സീറ്റു വിഭജന സമയത്താണ് തർക്കം രൂക്ഷമായത്. കോൺഗ്രസ് കടുത്ത വിലപേശൽ നടത്തിയതോടെ ഒത്തുതീർപ്പിനായി സ്റ്റാലിൻ രാഹുലിനെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ സ്റ്റാലിൻ അഞ്ചു തവണ വിളിച്ചെങ്കിലും രാഹുലിന്‍റെ ഭാഗത്തു നിന്നും മറുപടി ലഭിച്ചില്ലെന്നാണ് ഡിഎംകെ വൃത്തങ്ങൾ പറയുന്നത്. ഇരുപാര്‍ട്ടികളും സഖ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും സ്റ്റാലിനും രാഹുല്‍ ഗാന്ധിയും സംയുക്തമായി പങ്കെടുത്ത ഒരു പ്രചാരണം പോലും തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്നില്ല. 

പിന്നീട് തിരഞ്ഞെടുപ്പിനു ശേഷം ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ കോണ്‍ഗ്രസ് ടിവികെയെ പിന്തുണയ്ക്കുകയും സര്‍ക്കാരില്‍ ചേരുകയുമായിരുന്നു. അതേസമയം, തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുത്തിരുന്നു. മുന്‍നിരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമായിരുന്നു വിജയ്‍യുടെ സ്ഥാനം. 

നേരിട്ട് ക്ഷണമുണ്ടായിരുന്നില്ല– സ്റ്റാലിന്‍

സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശനത്തിലേക്ക് തനിക്ക് നേരിട്ട് ക്ഷണമുണ്ടായിരുന്നില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. തന്റെ സഹായിയെ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ സോണിയ ഗാന്ധിക്ക് ആശംസ അറിയിച്ച് കത്തയച്ചിരുന്നെന്ന്സ്റ്റാലിന്‍ പറഞ്ഞു.  ചടങ്ങിലേക്ക്  ക്ഷണിക്കാൻ രാഹുൽ ഗാന്ധി വിളിച്ചിട്ട് സ്റ്റാലിൻ ഫോൺ എടുത്തില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം. രാഹുലിന്റെ ഓഫിസിൽ നിന്നാണ് പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാൻ വിളിച്ചത്. എന്നാൽ  മറ്റു തിരക്കുകളിലാണെന്ന് സ്റ്റാലിന്റെ ഓഫിസ് അറിയിക്കുകയായിരുന്നു.

ENGLISH SUMMARY:

DMK President M.K. Stalin has distanced himself further from the Congress party after declining to take phone calls from Rahul Gandhi regarding a book launch event. Rahul Gandhi's office had attempted to invite Stalin to Sonia Gandhi's book release, but the DMK chief cited schedule conflicts and instead sent a formal congratulatory letter. This strain follows prior tensions during the Tamil Nadu assembly elections when seat-sharing disputes and lack of joint campaigns created a political rift. The diplomatic chill deepened further as Tamil Nadu Chief Minister Joseph Vijay shared the front row with top Congress leaders at the Delhi event.