സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന ആത്മകഥ ഡൽഹി ഐ.ടി.സി മൗര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർക്ക് പുറമെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ബി.ജെ.പി നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി അമരീന്ദർ സിങ് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
തനിക്കെതിരെയും കുടുംബത്തിനെതിരെയും പല പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ടെന്നും, അത്തരം വിമർശനങ്ങളിലും ചർച്ചകളിലും സന്തോഷമേയുള്ളൂവെന്ന് പുസ്തകപ്രകാശന ചടങ്ങിലെ മുഖാമുഖത്തിൽ സോണിയാ ഗാന്ധി പറഞ്ഞു. കുടുംബാംഗങ്ങളെക്കുറിച്ചും യാതൊരു ബന്ധവുമില്ലാത്ത നിരവധി കഥകള്‍ മെനഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, രാഷ്ട്രീയത്തിലെ തന്റെ സഹപ്രവർത്തകരും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്നും അവർ പറഞ്ഞു.
പുതിയൊരു വീട്ടിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന ഏതൊരു ഇന്ത്യൻ പെൺകുട്ടിയെയും പോലെ കുടുംബവുമായി പൊരുത്തപ്പെടാനുള്ള കഠിനമായ ശ്രമമാണ് താനും നടത്തിയതെന്നും അതുകൊണ്ടാണ് പുസ്തകത്തിന് 'ബിലോങ്ങിങ്' എന്ന പേര് നൽകിയതെന്നും അവർ വിശദീകരിച്ചു.
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിയോഗം പോലുള്ള ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടങ്ങൾ പുസ്തകത്തിൽ എഴുതുന്നത് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെങ്കിലും, മക്കളുടെയും സുഹൃത്തുക്കളുടെയും നിരന്തരമായ പിന്തുണയാണ് എഴുത്ത് പൂർത്തിയാക്കാൻ സഹായിച്ചതെന്ന് അവർ ഓർമ്മിച്ചു. ഹാർപേർകോളിൻസ് ഇന്ത്യ (HarperCollins India) പ്രസിദ്ധീകരിച്ച ആത്മകഥ കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറങ്ങിയതുമുതൽ വായനക്കാരിൽ നിന്നും വലിയ സ്വീകാര്യതയാണ് നേടുന്നത്. രാഷ്ട്രീയത്തിന് അപ്പുറം വ്യക്തിപരമായ അനുഭവങ്ങൾക്കും രാജീവ് ഗാന്ധിയുമായുള്ള പ്രണയത്തിനും ഇന്ത്യയിലെ തന്റെ ജീവിതവും പ്രാധാന്യം നൽകുന്നതാണ് ഈ പുസ്തകമെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.