rahul-lap

മടിയിലിരുത്തലിന്‍റെ പേരില്‍ തിളയ്ക്കുകയാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയം. മടിയിലിരുന്നത് സോണിയ ഗാന്ധി, ഇരുത്തിയത് രാജീവ് ഗാന്ധി, കുരുപൊട്ടിയത് ബിജെപിക്ക്. തന്‍റെ അമ്മ സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവി’ന്‍റെ പ്രകാശനചടങ്ങിനിടെ തന്റെ മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും തമ്മിലുണ്ടായിരുന്ന തീവ്രമായ പ്രണയത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ  പൊതുവേദിയിൽ പാലിക്കേണ്ട മര്യാദകളും മാന്യതയും രാഹുൽ ഗാന്ധി ലംഘിച്ചുവെന്ന് ആരോപിച്ച് ബിജെപിയും രംഗത്തുവരികയായിരുന്നു. 

കുട്ടിക്കാലത്ത് എല്ലാ ഭക്ഷണസമയത്തും അച്ഛൻ രാജീവ് ഗാന്ധിയുടെ മടിയിൽ അമ്മ സോണിയ ഗാന്ധി ഇരിക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി വേദിയിൽ വെച്ച് പറയുകയായിരുന്നു.  എല്ലാ വീടുകളിലും ഇതൊരു സാധാരണ കാര്യമാണെന്നാണ് താൻ അന്ന് കരുതിയിരുന്നതെന്നും, കൂട്ടുകാരുടെ വീടുകളിൽ പോകുമ്പോൾ അവരുടെ അമ്മമാർ അച്ഛന്മാരുടെ മടിയിൽ ഇരിക്കാത്തത് കണ്ട് എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്ന് താൻ ചോദിച്ചിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 രാഹുൽ ഇക്കാര്യം പറഞ്ഞപ്പോൾ വേദിയിലുണ്ടായിരുന്ന സോണിയ ഗാന്ധി ചിരിച്ചുകൊണ്ട് അല്പം ചമ്മലോടെ തലയാട്ടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്‍തോതിലാണ് പ്രചരിച്ചത്.

എന്നാല്‍ രാഹുല്‍ ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം സ്വന്തം അമ്മയെപ്പോലും  പരസ്യമായി നാണംകെടുത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ച് രംഗത്തുവന്നു. പിന്നാലെ പൊതുവേദിയിൽ പാലിക്കേണ്ട മര്യാദകളും മാന്യതയും രാഹുൽ ഗാന്ധി ലംഘിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തുവരികയായിരുന്നു. 

കുടുംബബന്ധങ്ങളിലെ ബഹുമാനത്തെക്കുറിച്ചും പൊതുജീവിതത്തിലെ ലക്ഷ്മണരേഖയെക്കുറിച്ചും രാഹുലിന് ധാരണയില്ലെന്ന് യുപി ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരിയും വിമർശിച്ചു.

ഇതോടെ രാഹുലും വെറുതേയിരുന്നില്ല. വിമർശനങ്ങൾക്ക് മറുപടിയായി നവംബർ 17-ന് രാഹുൽ ഗാന്ധി എക്സിൽ (X) കർണാടകയിലെ ഹൊയ്സലേശ്വര ക്ഷേത്രത്തിലെ ശിവപാർവ്വതി ശില്പത്തിന്റെ ചിത്രം പങ്കുവെച്ചു. ശിവന്റെ മടിയിൽ പാർവ്വതി ഇരിക്കുന്ന ശില്പം പങ്കുവെച്ചുകൊണ്ട്, ഭയവും ദേഷ്യവും വിദ്വേഷവും ബിജെപി-ആർഎസ്എസ് അനുഭാവികളുടെ ഹൃദയങ്ങളിൽ വല നെയ്തിരിക്കുകയാണെന്നും, അതുകൊണ്ടാണ് അവർക്ക് സ്നേഹം അനുഭവിക്കാനും പ്രകടിപ്പിക്കാനും സാധിക്കാത്തതെന്നും രാഹുൽ കുറിച്ചു. ഒരു യഥാർത്ഥ ഹിന്ദു എന്ന നിലയിൽ അവരെ ഈ വിദ്വേഷത്തിൽ നിന്ന് മോചിപ്പിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേസമയം തന്റെ മാതാപിതാക്കൾ തമ്മിലുണ്ടായിരുന്ന നിഷ്കളങ്കമായ സ്നേഹത്തെയും, രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം കുടുംബത്തിലുണ്ടായ ശൂന്യതയെയും കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് വ്യക്തമാക്കി. ദമ്പതികൾ തമ്മിലുള്ള ആരോഗ്യകരമായ സ്നേഹപ്രകടനങ്ങളെ പോലും ബിജെപി മോശമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസ് അനുകൂലികൾ വാദിച്ചു.

ഇതോടെ വെട്ടിലായ ബിജെപി രാഹുലിന്‍റെ എക്സിലെ ശിവപാര്‍വതി ഫോട്ടോ എടുത്ത് പറഞ്ഞ്  ദൈവങ്ങളെ മനുഷ്യരുമായി താരതമ്യം ചെയ്യുന്നത് അഹങ്കാരമാണെന്നും, ഗാന്ധി കുടുംബത്തിന് ഒരിക്കലും ദൈവമാകാൻ കഴിയില്ലെന്നും മറുപടിയായി പ്രതികരിച്ചു. ഇതോടെ മടിയിലിരിക്കല്‍ വിവാദം കൂടുതല്‍ പുതിയ തലങ്ങളിലേക്കാണ് ഉയരുന്നത്. 

ENGLISH SUMMARY:

Rahul Gandhi controversy sparks intense debate in North Indian politics after his remarks about his parents, Rajiv Gandhi and Sonia Gandhi, during a book launch event. The comments led to a major political showdown between the Congress party and the BJP.