Image Credit: X/PTI

  • 'നിങ്ങള്‍ വാഗ്ദാനം ചെയ്ത ജോലി എവിടെ എന്ന് ചോദിച്ച് വിദ്യാര്‍ഥികള്‍ സമരം ചെയ്തപ്പോള്‍, അവരെ കോണ്‍ഗ്രസിന്‍റെ പൊലീസ് തല്ലിച്ചതച്ചപ്പോള്‍ നിങ്ങളെ ഈ പരിസരത്ത് കണ്ടില്ല. ലഗചര്‍ളയില്‍ ആദിവാസി സ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ശാരീരിക അതിക്രമത്തിന് ഇരയായപ്പോള്‍ അവരുടെ ഭൂമി തട്ടിയെടുക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? തെലങ്കാനയിലെ സാധാരണക്കാരുടെ വീടുകള്‍ ബുള്‍ഡോസറിന് ഇടിച്ച് നിരത്തി ഭൂമി കയ്യേറിയപ്പോള്‍ നിങ്ങള്‍ ഡല്‍ഹിയില്‍ കിടന്ന് ഉറക്കമായിരുന്നില്ലേ?'

രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്ത ഭാരത് സമ്മിറ്റ് എന്ത് വില കൊടുത്തും തടയണമെന്ന് ആഹ്വാനം ചെയ്തതിന് തെലങ്കാന ബിജെപി അധ്യക്ഷന്‍ എന്‍.രാംചന്ദര്‍ റാവു വീട്ടുതടങ്കലില്‍. ഹൈദരാബാദിലെ തര്‍നാകയിലെ വസതിയിലാണ് അദ്ദേഹത്തെ കരുതല്‍ തടങ്കലിലാക്കിയത്. 'ഭാരത വിരുദ്ധ' ശക്തികളാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.  ഇന്നലെയും ഇന്നുമായാണ് ഹൈദരാബാദിലെ ഇന്‍റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഭാരത് സമ്മിറ്റ് നടന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പകരം കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഭാരത് സമ്മിറ്റെന്ന പേരില്‍ ദേശവിരുദ്ധ ശക്തികളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നുവെന്നും അതുവഴി രാജ്യത്തെ സമാധാനം തകര്‍ക്കുന്നുവെന്നും ബിജെപി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ ബിആര്‍എസ് അധ്യക്ഷന്‍ കെ.ടി.രാമറാവു രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. സമ്മിറ്റില്‍ പങ്കെടുക്കാന്‍ മാത്രമാണ് രാഹുല്‍ തെലങ്കാനയിലെത്തിയതെന്നും വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രൊപ്പഗാന്‍ഡ സ്റ്റണ്ട് നടത്തുകയാണെന്നും കെടിആര്‍ ആരോപിച്ചു. 

വിദ്യാര്‍ഥികള്‍ തൊഴിലിനായി സമരം ചെയ്തപ്പോള്‍ രാഹുല്‍ എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. 'നിങ്ങള്‍ വാഗ്ദാനം ചെയ്ത ജോലി എവിടെ എന്ന് ചോദിച്ച് വിദ്യാര്‍ഥികള്‍ സമരം ചെയ്തപ്പോള്‍, അവരെ കോണ്‍ഗ്രസിന്‍റെ പൊലീസ് തല്ലിച്ചതച്ചപ്പോള്‍ നിങ്ങളെ ഈ പരിസരത്ത് കണ്ടില്ല. ലഗചര്‍ളയില്‍ ആദിവാസി സ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ശാരീരിക അതിക്രമത്തിന് ഇരയായപ്പോള്‍ അവരുടെ ഭൂമി തട്ടിയെടുക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? തെലങ്കാനയിലെ സാധാരണക്കാരുടെ വീടുകള്‍ ബുള്‍ഡോസറിന് ഇടിച്ച് നിരത്തി ഭൂമി കയ്യേറിയപ്പോള്‍ നിങ്ങള്‍ ഡല്‍ഹിയില്‍ കിടന്ന് ഉറക്കമായിരുന്നില്ലേ?' – എക്സില്‍ കെടിആര്‍ കുറിച്ചു. 

കെടുകാര്യസ്ഥതയുടെ  പര്യായമാണ് തെലങ്കാനയിലെ സര്‍ക്കാരെന്നും 10,000 മരങ്ങള്‍ ഒറ്റരാത്രി കൊണ്ട് വെട്ടിമുറിച്ചപ്പോള്‍, മാനുകളും മയിലുകളും ജീവനായി പരക്കം പാഞ്ഞപ്പോള്‍, വലിയ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ച് മൗനം പാലിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷക–നെയ്ത്തുകാരുടെ ആത്മഹത്യകളും, മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായതും കോര്‍പറേറ്റുകള്‍ക്കായി സാധാരണക്കാരുടെ ഭൂമി ഒഴിപ്പിച്ച് നല്‍കിയതും സര്‍ക്കാരിനെ ബാധിക്കുന്നതേയില്ലെന്നും കെടിആര്‍ കൂട്ടിച്ചേര്‍ത്തു. തെലങ്കാനയിലെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് 100 കോടിയെടുത്താണ് സര്‍ക്കാര്‍ ഭരത് സമ്മിറ്റ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

Telangana BJP president N. Ramchander Rao was placed under house arrest in Hyderabad after calling for the disruption of the Bharat Summit organised following Congress leader Rahul Gandhi's initiative. Rao had accused the Congress government of bringing anti-national forces together under the banner of the summit and urged people to oppose the event. Meanwhile, BRS working president K.T. Rama Rao strongly criticised Rahul Gandhi, accusing him of ignoring Telangana's pressing issues, including unemployment, farmers' suicides, alleged attacks on tribal communities and demolitions. KTR also alleged that the Congress government spent Rs 100 crore of public money on the summit instead of fulfilling its election promises.