ശരത് പവാര്‍

  • എൻസിപി അജിത് പവാർ, ശരത് പവാർ വിഭാഗങ്ങളുടെ ലയനം അന്തിമഘട്ടത്തിലാണെന്ന് മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ശ്രീസത് വെളിപ്പെടുത്തി.

എന്‍സിപി പാര്‍ട്ടികളുടെ  ലയനം അന്തിമ ഘട്ടത്തിലെന്ന് മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ശ്രീസത്. നേതാക്കളുടെ സ്ഥാനങ്ങള്‍ ഉടന്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരത് പവാറുമായി അജിത് പവാര്‍ പക്ഷ നേതാക്കളുടെ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ശിവസേന നേതാവിന്‍റെ വാക്കുകള്‍. ഇതിനിടെ ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്‍റെ മൂത്തമകനും രാജ്യസഭാ എംപിയുമായ പാര്‍ഥ് പവാര്‍ രണ്ടാം ദിവസവും ശരത് പവാറിനെ വീട്ടിലെത്തി കണ്ടു. 

‍‍ഞായറാഴ്ചയിലെ കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ശനിയാഴ്ചയും ഇരുവരും ഏകദേശം രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് വൈകുന്നേരം ശരദ് പവാറും മുതിർന്ന എൻ‌സി‌പി (എസ്‌പി) നേതാക്കളും തമ്മിൽ പ്രത്യേക കൂടിക്കാഴ്ചയും നടന്നു. ജയന്ത് പാട്ടീൽ, ശശികാന്ത് ഷിൻഡെ, അമോൽ കോൽഹെ, അനിൽ ദേശ്മുഖ്, ജിതേന്ദ്ര അവാദ് എന്നിവർ പങ്കെടുത്ത രണ്ടാമത്തെ യോഗം ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്നു. അജിത് പവാറുമായി ലയന ചർച്ചകളില്‍ പങ്കാളികളായ നേതാക്കളായിരുന്നു ഇവര്‍.  

എൻസിപി ദേശീയ വർക്കിംഗ് പ്രസിഡന്‍റ്  പ്രഫുൽ പട്ടേൽ വ്യാഴാഴ്ച ശരത് പവാറിലെ മുംബൈയില്‍ സന്ദര്‍ശിച്ചിരുന്നു. നവംബര്‍ പത്തിനു ശേഷം സംസാരിക്കാമെന്ന് പറയുന്നൊരു വിഡിയോ അന്ന് വൈറലായിരുന്നു. ഇതോടെയാണ് ലയനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വർധിച്ചത്. എന്നാല്‍ ആശുപത്രിയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഉദ്യേശിക്കുന്നില്ലെന്നും നവംബര്‍ പത്തിന് ശേഷം വസതിയില്‍ കാണാം എന്നുമാണ് സംസാരിച്ചതെന്നും പ്രഫുല്‍ പട്ടേല്‍ വിശദീകരിച്ചു. ശരദ് പവാർ മുതിർന്ന നേതാവാണെന്നും സംസ്ഥാനത്തെയും രാജ്യത്തെയും അദ്ദേഹം തുടർന്നും നയിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

നേരത്തെ എന്‍സിപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ലയനം ചര്‍ച്ച ചെയ്തിരുന്നു. പ്രഫുല്‍ പട്ടേല്‍ സുനില്‍ താട്കറെ, ചഗന്‍ ബുജ്ബാല്‍, ദിലിപ് വാല്‍സെ പട്ടീല്‍, ഹസന്‍ മുഫ്റിഫ്, ധനഞ്ജയ് മുണ്ടെ, സമീര്‍ ബുജ്ബാല്‍ എന്നീ നേതാക്കളായിരുന്നു ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടി അധ്യക്ഷ സുനേത്ര പവാര്‍ അറിയാതെയുള്ള ഈ നീക്കത്തിനു പിന്നാലെ എന്‍സിപിയില്‍ തര്‍ക്കങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പാര്‍ത്ഥ് പവാറും ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ച, എന്‍സിപി എസ്പി നേതാക്കളുമായുള്ള ചര്‍ച്ചകള്‍, നവംബര്‍ പത്തിനു ശേഷമുള്ള കൂടിക്കാഴ്ചയെ പറ്റിയുള്ള പ്രഖ്യാപനം എന്നിവയാണ് ലയനത്തെ പറ്റിയുള്ള അഭ്യൂഹം ഉയരാന്‍ കാരണം. 

ENGLISH SUMMARY:

Speculation regarding the merger of Nationalist Congress Party (NCP) factions has intensified, with Maharashtra Minister Sanjay Shirsat stating that the unification process has reached its final stages. Parth Pawar, Rajya Sabha MP and son of Deputy Chief Minister Sunetra Pawar, held a second consecutive two-hour meeting with his grand-uncle Sharad Pawar at his residence. Following these interactions, Sharad Pawar conducted extensive three-hour discussions with senior NCP (SP) leaders who have been participating in talks with the Ajit Pawar faction. The flurry of political meetings comes after NCP Working President Praful Patel visited Sharad Pawar in Mumbai, hinting at further high-level deliberations after November 10.