nitin-gadkari-devendra-fadnavis

ആർഎസ്എസ് ആസ്ഥാനമുൾപ്പെടുന്ന നാഗ്പുരിൽ അടിതെറ്റിയതിന്റെ കാരണങ്ങൾ തേടി ബിജെപി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും തട്ടകം കൂടിയായ ഇവിടെ മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചുകയറിയത് ബിജെപി നേതൃത്വത്തെയും അണികളെയും ഞെട്ടിച്ചിരിക്കുകയാണ്.

Also Read: ബാലറ്റില്‍ കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടിയെന്ന് മോദി; ആര്‍എസ്‍എസ് ആസ്ഥാനത്തെ സീറ്റില്‍ ജയിച്ച് കോണ്‍ഗ്രസ്

ബിജെപിയുടെ തോൽവിക്കു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണെന്നാണ് വിലയിരുത്തൽ. ബിജെപി സ്ഥാനാർഥി സുധാകർ കോഹ്‌ലെ 3,271 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന്റെ അഭിജിത് വഞ്ജരിയാണ് വിജയിച്ചത്. നാലു സംസ്ഥാനങ്ങളിലായി 28 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച ഏക സീറ്റും നാഗ്പുരിലേതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സന്ദീപ് ജോഷിയെയും അഭിജീത് വഞ്ജരി പരാജയപ്പെടുത്തിയിരുന്നു.

മുൻ എംഎൽസിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വിശ്വസ്തനുമായ അനിൽ സോലെയ്ക്ക് സീറ്റ് നിഷേധിച്ചത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സ്വതന്ത്രനായി മത്സരിച്ച അനിൽ സോലെ പ്രചാരണത്തിൽനിന്ന് വിട്ടുനിന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വീട്ടിലെത്തി അനുനയിപ്പിച്ചതിനു ശേഷമാണ്. അപ്പോഴേക്കും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിരുന്നു. അതിനാൽ ബാലറ്റ് പേപ്പറിൽ അനിൽ സോലെയുടെ പേരും തുടർന്നു. ഇതോടെ തനിക്ക് വോട്ട് ലഭിക്കാതിരിക്കാൻ പ്രവർത്തിക്കുമെന്ന് അനിൽ സോലെ വ്യക്തമാക്കേണ്ടിവന്നു.

നാഗ്പുർ ബിജെപിക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ്. 1990 മുതൽ 2014 വരെ നിതിൻ ഗഡ്കരി മത്സരിച്ച മണ്ഡലത്തിൽ 2014ലും 2020ലും വിജയിച്ചത് അനിൽ സോലെയായിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നതയ്ക്കു പുറമേ അസാധുവായ വോട്ടുകളും ബിജെപിക്ക് തിരിച്ചടിയായി. ഏകദേശം 15,000 വോട്ടുകളാണ് അസാധുവായത്. ഇതിൽ കോഹ്‌ലെയ്ക്ക് രണ്ടാം മുൻഗണനാ വോട്ട് നൽകിയ ഏകദേശം 9,000 ബാലറ്റുകളുമുണ്ടായിരുന്നു. എന്നാൽ മുൻഗണനാ വോട്ട് രേഖപ്പെടുത്തുന്നതിലെ പിഴവുകൾ കാരണം ഇവ അസാധുവായെന്നാണ് റിപ്പോർട്ട്. ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടത് വെറും 3,271 വോട്ടുകൾക്കാണെന്നതിനാൽ ഈ അസാധുവായ വോട്ടുകൾക്ക് വലിയ പ്രാധാന്യമുണ്ട്.

Also Read: 'ബാലറ്റില്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടും കോണ്‍ഗ്രസ് തോറ്റല്ലോ'; MLC ഫലത്തില്‍ പരിഹസിച്ച് ജെഡിഎസ്

സ്വതന്ത്ര സ്ഥാനാർഥിയായ നിതിൻ കരാലെ നേടിയ വോട്ടുകളും ബിജെപിയുടെ തോൽവിയിൽ നിർണായകമായെന്നാണ് വിലയിരുത്തൽ. 24,249 വോട്ടുകളാണ് കരാലെ നേടിയത്. ഇതിൽ 10,000 വോട്ടുകൾ ബിജെപിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് സുധാകർ കോഹ്‌ലെ ചൂണ്ടിക്കാട്ടി. മേഖലയിലെ വിവിധ സമരങ്ങൾക്കും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും പിന്തുണ നൽകിയ വ്യക്തിയാണ് നിതിൻ കരാലെ.

ENGLISH SUMMARY:

In a major political setback, the BJP lost the Nagpur MLC Graduates' constituency—a core stronghold housing the RSS headquarters and home turf of Nitin Gadkari and Devendra Fadnavis—to Congress's Abhijit Wanjari. Flaws in candidate selection were identified as a primary reason for the defeat, as the BJP replaced two-time MLC and Gadkari loyalist Anil Sole with Sudhakar Kohale, who lost by 3,271 votes. Sole's independent candidacy and subsequent late withdrawal created confusion, while 15,000 invalid votes—including 9,000 second-preference votes for Kohale without mandatory first preferences—further damaged the BJP's chances. Additionally, independent candidate Nitish Karale polled 24,249 votes, effectively splitting the anti-incumbency and student support base that traditionally favored the BJP.