ഡൽഹിയിൽ ബിജെപി നടത്തിയ ജനാധിപത്യ സംരക്ഷണ റാലിയിൽ ദേശീയ പതാകക്ക് അവഹേളനമെന്ന് ആക്ഷേപം. പ്ലക്കാഡുകൾക്കൊപ്പം തറയിലിട്ടും വൃത്തിഹീനമായ ഇടങ്ങളിൽ ചാരിവച്ച നിലയിലുമായിരുന്നു പതാകകൾ. ദേശീയപതാക തലതിരിച്ചുപിടിച്ചവരും റാലിയിൽ ഉണ്ടായിരുന്നു.
ഇന്ത്യ സഖ്യത്തിന്റെ വോട്ടു കൊള്ളക്കെതിരായ പ്രതിഷേധത്തിന് ചെക്ക് വക്കാൻ ബിജെപി ജനാധിപത്യം സംരക്ഷിക്കു അരാജകത്വം അവസാനിപ്പിക്കു എന്ന മുദ്രാവാക്യവുമായി തെരുവിൽ ഇറങ്ങിയപ്പോഴുള്ള കാഴ്ചയാണിത്. ബിജെപി അധ്യക്ഷൻ നിതിൻ നബിൻ നയിച്ച, മുഖ്യമന്ത്രി രേഖ ഗുപ്ത പങ്കെടുത്ത പദയാത്ര. ജന്തർ മന്തറിൽ കയറി ദേശീയ പതാക വീശിയ സിജെപിയെ വിമർശിച്ച അതേ ബിജെപി നേതാക്കൾ പങ്കെടുത്ത ചാന്ദിനി ചൗക്കിലെ യാത്ര.
കൊടി തോരണങ്ങൾക്കൊപ്പം പോസ്റ്റുകളിൽ കെട്ടിയ ദേശീയ പതാകയാകട്ടെ തലതിരിഞ്ഞുo. വേദിയിൽ നേതാക്കൾ ഇരിക്കുമ്പോൾ തൊട്ടുമുന്നിൽ നിന്ന ചിലരുടെ കൈകളിലെ ദേശീയ പതാകയും തലതിരിഞ്ഞു തന്നെ. പ്രതിപക്ഷത്തിന്റെ തിരംഗ മാർച്ചിന് പിന്നാലെ ദേശീയ പതാക നിയമമോർമിപ്പിച്ച് മാർഗനിർദ്ദേശം ഇറക്കിയ ഡൽഹി പൊലീസിന് ഭരണ കക്ഷിയുടെ കാര്യത്തിൽ മിണ്ടാട്ടമില്ല. ഇന്ത്യ സഖ്യ മഹാറാലിയെ വിമർശിക്കുമ്പോൾ തന്നെ ദീപാവലി കച്ചവടം ചൂടുപിടിച്ച ചാന്ദിനി ചൗക്കിന്റെ മധ്യത്തിലായിരുന്നു ബിജെപിയുടെ റാലി.