Image Credit: facebook/ysjagan

  • 2023 ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും നിയമിക്കാന്‍ പ്രധാനമന്ത്രി, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന പാനലിനാണ് അര്‍ഹത. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പാനലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണറെയും നിയമിക്കുന്നതില്‍ 2023 ല്‍ കൊണ്ടുവന്ന ഭേദഗതിയെ പിന്തുണച്ചതില്‍ തെറ്റുപറ്റിയെന്ന് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമായ ജഗന്‍ മോഹന്‍ റെഡ്ഡി. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന പഴയ പാനല്‍ സംവിധാനം തന്നെ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനത്തിനായി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'നേരത്ത തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനെ ചുമതലപ്പെടുത്തുന്ന ഭേദഗതിയെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. ഇന്ന് ഞങ്ങള്‍ അതില്‍ ഖേദിക്കുന്നു. ഞങ്ങള്‍ക്ക് തെറ്റുപറ്റി. പരീക്ഷ നിയന്ത്രിക്കുന്ന ആളെ നിയമിക്കേണ്ടത് വിദ്യാര്‍ഥിയല്ല. പക്ഷപാതരഹിതമായി തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ചില്ലെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ടയാള്‍ സത്യസന്ധനാണെങ്കിലും വിമര്‍ശനം നേരിടേണ്ടി വരും' എന്നും ജഗന്‍ പറഞ്ഞു. Also Read: ഗ്യാനേഷിനെ എതിര്‍ത്ത് ഇന്ത്യ സഖ്യത്തിലേക്ക് അടുക്കാന്‍ ബിജെപിയുടെ പഴയ 'രക്ഷകന്‍'; കോണ്‍ഗ്രസുമായി ചര്‍ച്ച; നീക്കമെന്ത്

2023 ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും നിയമിക്കാന്‍ പ്രധാനമന്ത്രി, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന പാനലിനാണ് അര്‍ഹത. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പാനലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയോഗിക്കുമ്പോഴും തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കണമെന്നും മുഖ്യമന്ത്രിയോ, ഭരിക്കുന്ന പാര്‍ട്ടിയോ ആകരുത് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ജഗന്‍ ആവശ്യപ്പെട്ടു. പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുന്നവര്‍ വേണം ഇത്തരം നിയമനങ്ങള്‍ നടത്താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശില്‍ നിലവില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ടിഡിപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും ജഗന്‍ ആരോപിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും സമ്മതിച്ചില്ലെന്നും അദ്ദേഹം പറയുന്നു. നാമനിര്‍ദേശ പത്രികകള്‍ തട്ടിപ്പറിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നും സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.  പൊലീസും ഉദ്യോഗസ്ഥരും തടയാന്‍ ശ്രമിച്ചില്ലെന്നും ജഗന്‍ കൂട്ടിച്ചേര്‍ത്തു. പുളിവെണ്ടുല, ക‍ഡപ്പ, തിരുപ്പതി, പുന്‍ഗാനര്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. 

ബുധനാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ മാസം 28നാണ് വോട്ടെടുപ്പ്. 30ന് വോട്ടെണ്ണലും നടക്കും. എംപിടിസി, സെഡ്പിടിസി തിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനും വോട്ടെണ്ണല്‍  അഞ്ചിനും നടക്കും. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 26, 29, ഡിസംബര്‍ രണ്ട് എന്നിങ്ങനെയാണത്. 

ENGLISH SUMMARY:

Former Andhra Pradesh Chief Minister and YSR Congress Party president Y. S. Jagan Mohan Reddy has admitted that his party made a mistake by supporting the 2023 amendment to the law governing the appointment of the Chief Election Commissioner and Election Commissioners. He expressed regret over the decision and called for the restoration of the earlier selection panel comprising the Prime Minister, the Leader of the Opposition and the Chief Justice of India.