പാക്കിസ്ഥാനും അമേരിക്കയുമായി ഏതെങ്കിലും സാഹചര്യത്തില് യുദ്ധമുണ്ടായാല് ഇന്ത്യ തീര്ച്ചയായും പാക്കിസ്ഥാനൊപ്പം നില്ക്കുമെന്ന രാജസ്ഥാനിലെ ബിജെപി തലവന് മദന് റാത്തോഡിന്റെ വാക്കുകളില് വന് വിവാദം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് മദന് ചൂണ്ടിക്കാട്ടിയത്. 'നമ്മള് മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. നോക്കൂ, ഇന്ത്യയുടെ കാര്യം പറഞ്ഞാല്... നാളെ അമേരിക്ക പാക്കിസ്ഥാനുമായി യുദ്ധം തുടങ്ങിയെന്ന് വിചാരിക്കൂ, നമ്മള് പാക്കിസ്ഥാനൊപ്പം നില്ക്കും. കാരണം, നമ്മുടെ അയല്വാസികളാണ് അവര്. പക്ഷേ നമ്മുടെ കാര്യം വരുമ്പോള്, നമ്മളെ ബാധിക്കുന്ന കാര്യം വരുമ്പോള് നമ്മള് ഇന്ത്യ ഒറ്റക്കെട്ടായി നില്ക്കണം. അതാണ് നമ്മള് മനസിലാക്കേണ്ടത്' – പൊതുയോഗത്തില് സംസാരിക്കവേയാണ് മദന് റാത്തോഡ് ഇങ്ങനെ പറഞ്ഞത്.
വാക്കുകള് സമൂഹമാധ്യമങ്ങളില് വൈറലായതോടെ കോണ്ഗ്രസും മറ്റ് രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമര്ശനവുമായെത്തി. രാജ്യദ്രോഹമാണ് ബിജെപി നേതാവ് പറഞ്ഞതെന്നും ബിജെപി സ്വന്തം നേതാവിനെതിരെ എന്ത് നടപടിയെടുക്കുമെന്ന് കാണാമെന്നും കോണ്ഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ് എക്സില് കുറിച്ചു. 'നമ്മുടെ സൈനികരെ, നമ്മുടെ ജനങ്ങളെ കൊന്നൊടുക്കിയ ഭീകരരാജ്യമായ പാക്കിസ്ഥാനോടുള്ള ബിജെപിയുടെ സ്നേഹം ഒരിക്കല് കൂടി വെളിവായിരിക്കുന്നു. രാജസ്ഥാനിലെ ബിജെപി തലവന് മദന് റാത്തോഡ് പറഞ്ഞത് കേട്ടില്ലേ? നാളെ അമേരിക്കയും പാക്കിസ്ഥാനുമായി യുദ്ധമായാല് അദ്ദേഹം പാക്കിസ്ഥാനൊപ്പം നില്ക്കുമത്രേ. നരേന്ദ്രമോദിയും അമിത് ഷായും പാക്കിസ്ഥാനൊപ്പം തന്നെയാണോ? അല്ലെങ്കില് ഈ രാജ്യദ്രോഹിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുമല്ലോ'- ഷമ രൂക്ഷവിമര്ശനം ഉയര്ത്തി.
ബിജെപിക്ക് പാക്കിസ്ഥാനോടുള്ള അനുഭാവം മറനീക്കി പുറത്തുവന്നു എന്നായിരുന്നു കോണ്ഗ്രസിന്റെ ദേശീയ കോ–ഓര്ഡിനേറ്റര് സന്ദീപ് ഗുപ്തയുടെ പ്രതികരണം. 'ബിജെപിക്ക് ഭീകരരാജ്യമായ പാക്കിസ്ഥാനോടുള്ള സ്നേഹം കണ്ടില്ലേ, ശരിക്കും അവര്ക്ക് പാക്കിസ്ഥാനോട് അടങ്ങാത്ത സ്നേഹമാണ്'– സന്ദീപ് ട്വീറ്റ് ചെയ്തു.
എഎപി നേതാക്കളും മദന് റാത്തോഡിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ' ഇനി ആര്ക്കെങ്കിലും സംശയമുണ്ടോ? സത്യം പറഞ്ഞാല് പാക്കിസ്ഥാനും ബിജെപിയും ഒരേ ജനിതകഘടന പേറുന്നവരാണ്. അതാണ് റാത്തോഡിന്റെ വാക്കുകളില് നിന്ന് മനസിലാക്കേണ്ടത്' എഎപി ഉത്തര്പ്രദേശ് വൈസ് പ്രസിഡന്റ് രാം ഗുപ്തയും പ്രതികരിച്ചു.
അതേസമയം, വിവാദം അനാവശ്യമാണെന്നും തന്റെ വാക്കുകള് സന്ദര്ഭത്തില് നിന്ന് അടര്ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നുമാണ് മദന് റാത്തോഡിന്റെ വിശദീകരണം. മുസ്ലിം സമുദായം നടത്തിയ പരിപാടിയില് പങ്കെടുക്കവേ ഇന്ത്യ–പാക് ക്രിക്കറ്റ് മല്സരത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് താന് ഇങ്ങനെ പറഞ്ഞതെന്നും അല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം വാദിക്കുന്നു. 'ഇന്ത്യ–പാക് ക്രിക്കറ്റ് മല്സരത്തെ കുറിച്ചാണ് ഞാന് സംസാരിച്ചത്. ഇന്ത്യ–പാക് ബന്ധത്തില് ബിജെപിയുടെ നിലപാടില് ഒരു മാറ്റവുമില്ല. ഒരിക്കലും ഇന്ത്യയും പാക്കിസ്ഥാനും യോജിച്ച് പ്രവര്ത്തിക്കാനും പോകുന്നില്ല. ഇരു രാജ്യങ്ങള്ക്കുമിടയില് ഇപ്പോഴുള്ള ബന്ധം ഒട്ടും നല്ലതല്ല' അദ്ദേഹം കൂട്ടിച്ചേര്ത്തു.