തന്റെ സ്വകാര്യ ജീവിതത്തിലേക്ക് പോലും കടന്നു കയറി തനിക്കെതിരെ നടക്കുന്നത് ഭരണകൂടത്തിന്റെ വേട്ടയാടൽ ആണെന്ന് ആരോപിച്ച് ധ്രുവ് റാഠി. ഡൽഹി പോലീസും ഇൻ്റലിജൻസ് ബ്യൂറോയും തന്നെ നിരന്തരം നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് കാട്ടുന്ന ഒരു ഇൻസ്റ്റാഗ്രാം വീഡിയോയാണ് ധ്രുവ് പുറത്തുവിട്ടത്.
താൻ വീടിന് പുറത്തേക്കിറങ്ങിയപ്പോൾ മുതൽ സ്കോർപിയോ ഉൾപ്പെടെയുള്ള ചില വാഹനങ്ങൾ തന്നെ പിന്തുടരുകയാണെന്നും പോകുന്ന വഴിയിലെല്ലാം ആ വാഹനങ്ങൾ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ധ്രുവ് വീഡിയോയിൽ പറയുന്നു.
"ചിരിക്കൂ ഡൽഹി പൊലീസ്, നിങ്ങളെ ഇപ്പോൾ റെക്കോർഡ് ചെയ്യുകയാണ്" എന്ന് തമാശ രൂപേണ പറഞ്ഞുകൊണ്ടാണ് ധ്രുവ് ഈ ദൃശ്യങ്ങൾ പകർത്തുന്നത്. ഡൽഹി പൊലീസ് ഏർപ്പെടുത്തുന്ന ഇത്തരം നിരീക്ഷണം ഏതൊരു വ്യക്തിയുടെയും സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള നുഴഞ്ഞുകയറ്റമാണെന്ന് വീഡിയോയിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല, കഴിഞ്ഞ ദിവസം പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തനിക്കെതിരെ വീണ്ടും ഗൂഢാലോചനകൾ നടക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന ഗുരുതര ആരോപണവും ധ്രുവ് റാഠി ഉന്നയിക്കുന്നുണ്ട്. അതേസമയം, ഭരണകൂടത്തിൽ നിന്ന് എന്തുതന്നെ സമ്മർദമുണ്ടായാലും സത്യം തുറന്നു പറയുന്നതിൽ താൻ പിന്നോട്ടില്ലെന്നാണ് ധ്രുവിന്റെ നിലപാട്.