മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്ക്കെതിരായ സമരത്തില് ഡല്ഹി പൊലീസിന്റെ പൈശാചിക നടപടികള് വിവരിച്ച് വിദ്യാർഥികൾ. രാഹുല് ഗാന്ധിക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിദ്യാര്ഥികള് പൊലീസില് നിന്ന് നേരിട്ട ക്രൂരത തുറന്നുപറഞ്ഞത്. സ്വകാര്യഭാഗങ്ങളിൽ അടക്കം പൊലീസുകാര് ഉപദ്രവിച്ചെന്ന് അനുഭവം വിവരിച്ച റിതു എന്ന വിദ്യാർഥിനി വെളിപ്പെടുത്തി. പൊലീസിന്റെ വെടിയുണ്ടകളെ പേടിയില്ലെന്നും സമരത്തില് ഉറച്ചുനില്ക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു.
മലയാളിയായ ആതിരയെ ചേർത്തുപിടിച്ച രാഹുൽ, ആക്രമണത്തെത്തുടർന്ന് ആതിരയുടെ ഒരു ചെവിയിലെ കേൾവി നഷ്ടമായെന്ന് അറിയിച്ചു. തങ്ങളുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തതായും അവ തിരിച്ചുതരുന്നില്ലെന്നും അർജുൻ എന്ന വിദ്യാർഥി പരാതിപ്പെട്ടു. പ്രതിഷേധങ്ങള്ക്ക് മതവും ജാതിയുമില്ലെന്നും രാജ്യം ഒന്നാകെ ഒറ്റ സ്വരത്തിലാണ് പ്രതിഷേധിക്കുന്നതെന്നും രാഹുല് ഗാന്ധി പറഞ്ഞു.
പ്രതിഷേധത്തില് പങ്കെടുക്കാതിരുന്ന പതിനാറും പതിനേഴും വയസുള്ള വിദ്യാര്ഥികളെയും പൊലീസ് വാനിലിട്ട് ഉപദ്രവിച്ചെന്ന് വിദ്യാർഥികള് വെളിപ്പെടുത്തി. ആക്രമിക്കപ്പെട്ട കുട്ടികള് മുസ്ലി പേരുകാരായിരുന്നുവെന്നും അവരുടെ മാതാപിതാക്കളെ ബന്ധപ്പെടാന് അനുവദിച്ചില്ലെന്നും വിദ്യാർഥികള് പറഞ്ഞു.
വിദ്യാര്ഥികളെ മര്ദിച്ചതിന്റെ വിഡിയോ തെളിവുകള് കൈവശമുണ്ടെന്ന് രാഹുല് ഗാന്ധി പറഞ്ഞു. എല്ലാ തെളിവുകളും ഉപയോഗിച്ച് നിയമപരമായി പോരാടുമെന്നും ഗ്യാനേഷ് കുമാറിനെ പദവിയില് നിന്ന് താഴെയിറക്കുമെന്നും രാഹുല് കൂട്ടിച്ചേര്ത്തു. അമിത് ഷാ, മോദി തുടങ്ങി കുട്ടികളെ ഉപദ്രവിച്ച എല്ലാരും ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.