Bengaluru: Cockroach Janta Party (CJP) founder Abhijeet Dipke in a conversation with YouTuber Dhruv Rathee during the 'people's tribunal  protest, organised by various civil society groups against the Special Intensive Revision (SIR) of electoral rolls, at Freedom Park in Bengaluru, Thursday, Oct. 8, 2026. (PTI Photo/Shailendra Bhojak)(PTI10_08_2026_000219B)

File Image Credit:PTI

  • ജര്‍മനിയില്‍ കഴിഞ്ഞിരുന്ന റാഠി സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായാണ് ഇന്ത്യയിലെത്തിയത്. നേരത്തെ ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തിലും റാഠി പങ്കെടുത്തിരുന്നു

സിജെപി ജന്തര്‍ മന്തറില്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന ഡല്‍ഹി പൊലീസിന്‍റെ നിര്‍ദേശം തള്ളിയതിനെ തുടര്‍ന്നാണ് യൂട്യൂബര്‍ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ഗുരുഗ്രാമിലെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മഫ്തിയിലെത്തിയ പൊലീസ് സംഘമാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്. കേന്ദ്രീയ വിഹാറിലെ ധ്രുവ് റാഠിയുടെ വീട്ടിലേക്ക് രാവിലെ ഏഴരയോടെ മുപ്പതോളം പേരടങ്ങുന്ന  പൊലീസ് സംഘം എത്തുകയായിരുന്നു. ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി ഇല്ലെന്നും പങ്കെടുക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച ധ്രുവ് റാഠി, താന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. ഇതോടെയാണ് കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് സെക്റ്റര്‍ 39 ലെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചുവെന്നും പൊലീസുകാരിലൊരാള്‍ വെളിപ്പെടുത്തി. 

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കസ്റ്റഡിയിലെടുത്തതെന്നും 24 മണിക്കൂര്‍ വരെ ഇങ്ങനെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാമെന്നും പൊലീസ് ഓഫിസര്‍ അറിയിച്ചു.  ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത ശേഷവും വീടിന് പരിസരത്ത് പൊലീസ് സംഘം തുടര്‍ന്നു. അല്‍പ സമയത്തിന് മുന്‍പാണ് ധ്രുവ് റാഠിയെ ഡല്‍ഹി പൊലീസ് വിട്ടയച്ചത്. ജര്‍മനിയില്‍ കഴിഞ്ഞിരുന്ന റാഠി സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായാണ് ഇന്ത്യയിലെത്തിയത്. നേരത്തെ ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തിലും റാഠി പങ്കെടുത്തിരുന്നു. 

ധ്രുവ് റാഠിക്ക് പുറമെ നിരവധി കോണ്‍ഗ്രസ്, എഎപി നേതാക്കളെ ഡല്‍ഹി പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ജന്തര്‍ മന്തറിലേക്ക് നേതാക്കള്‍ എത്തിയാല്‍ വലിയ തോതില്‍ ജനക്കൂട്ടമുണ്ടാകുമെന്നതിനാലാണ് നേതാക്കളെ വീട്ടിലെത്തി തടഞ്ഞതെന്നാണ് ഡല്‍ഹി പൊലീസിന്‍റെ വിശദീകരണം. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനായി മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയ സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെയെയും സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ഇന്നലെ വിമാനത്തില്‍ നിന്നുമാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. 

ഏഴായിരത്തോളം പ്രതിഷേധക്കാരെയാണ് ഡല്‍ഹി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. സിപിഎം നേതാക്കളായ പിണറായി വിജയന്‍,എം.വി.ഗോവിന്ദന്‍, എം.എ.ബേബി, പി.കെ.ശ്രീമതി,കെ.കെ. ശൈലജ, എ.എ.റഹീം, ബൃന്ദകാരാട്ട് എന്നിവരും ഐസ നേതാവ് നേഹ ബോറ, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്, അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ,മമതാ ബാനര്‍ജി എന്നീ നേതാക്കളെയും ഡല്‍ഹി പൊലീസ് എട്ടുമണിക്കൂറോളം കസ്റ്റഡിയില്‍ സൂക്ഷിച്ചു. സിജെപി നേതാക്കളൊഴികെയുള്ള എല്ലാവരെയും രാത്രിയോടെ വിട്ടയച്ചിരുന്നു. 

അതേസമയം, ഇന്നും പ്രതിഷേധം തുടരാനാണ് സിജെപിയുടെയും ഇടതു സംഘടനകളുടെയും തീരുമാനം. രാവിലെ പത്തിന് ജന്തര്‍ മന്തറിലെത്തുമെന്നും എന്തു സംഭവിച്ചാലും പിന്നോട്ടില്ലെന്നും ഭയന്ന് മാറില്ലെന്നും സിജെപി നേതാക്കള്‍ സമൂഹമാധ്യമപ്പോസ്റ്റില്‍ വ്യക്തമാക്കി. ദിപ്കെയുടെയും മറ്റ് നേതാക്കളുടെയും അഭാവത്തില്‍ അജിന്‍ക്യ ഷിന്‍ഡെയാണ് സിജെപി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. 

ENGLISH SUMMARY:

YouTuber Dhruv Rathee was reportedly taken into preventive custody after refusing a Delhi Police request not to attend a protest called by the CJP at Jantar Mantar, according to the report. Around 30 police personnel in plain clothes allegedly arrived at his Gurugram residence at about 7:30 am and later took him to the Crime Branch office in Sector 39. The police said the action was intended to prevent untoward incidents, while several opposition leaders and around 7,000 protesters were also reportedly detained during demonstrations demanding the resignation of Chief Election Commissioner Gyanesh Kumar. CJP and Left organisations have announced plans to continue the protests, with leaders insisting they will not back down despite the detentions.