New Delhi: A crowd of demonstrators gather during a protest demonstration organised by the Cockroach Janta Party (CJP) demanding the resignation of Chief Election Commissioner (CEC) Gyanesh Kumar over alleged electoral roll irregularities, at Connaught Place, in New Delhi, Saturday, Oct. 10, 2026. (PTI Photo/Karma Bhutia)(PTI10_10_2026_000566A)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധത്തിന് സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും. ജന്തർ മന്തറിൽ രാവിലെ പത്തിന് പ്രതിഷേധിക്കുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രഖ്യാപനം. എല്ലാവരും ജന്തർ മന്തറിലെത്തണമെന്നും എവിടെ തടയുന്നുവോ അവിടെ പ്രതിഷേധിക്കാമെന്നും സിജെപി ദേശീയ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിക്യ ഷിൻഡെ ആഹ്വാനം ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്കെ എന്നിവരെക്കുറിച്ച് വിവരം നൽകണമെന്നും അവരെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് അജിക്യ ഷിൻഡെ പൊലീസ് കമ്മിഷണർക്ക് കത്ത് നൽകി.
ഐസ, എസ്എഫ്ഐ, എഐഎസ്എഫ് എന്നീ ഇടത് സംഘടനകളും ഇന്ന് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിക്കും. ഇന്നലത്തെ പ്രതിഷേധത്തിൽ ഏഴായിരത്തിലേറെപ്പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ സിജെപി നേതാക്കളൊഴികെയുള്ളവരെ വിട്ടയച്ചു. ദീപ്കേയടക്കമുള്ളവരുടെ കാര്യത്തിൽ നിയമപരമായ നടപടിക്രമങ്ങൾ തുടരും. നഗരത്തിൽ ഇന്നും കനത്ത സേനാ വിന്യാസവും ഗതാഗത നിയന്ത്രണങ്ങളും തുടരും. അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ ഇന്നലെ രാത്രി പത്തുമണിയോടെ തുറന്നിരുന്നു. ഇൻറർനെറ്റ് നിയന്ത്രണവും നീക്കി. ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തുടർപ്രതിഷേധങ്ങൾ ചർച്ചചെയ്യും.
അതേസമയം, തിങ്കളാഴ്ച വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനാണ് ഇന്ത്യാസഖ്യത്തിന്‍റെ നീക്കം. സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും പ്രവർത്തകർ എംപിമാർക്കൊപ്പം മാർച്ചിൽ പങ്കെടുക്കും. എല്ലാ എംപിമാരും ഡൽഹിയിൽ എത്തണമെന്ന് മല്ലികാർജുൻ ഖർഗെ നിർദ്ദേശിച്ചു. പ്രതിഷേധ പരിപാടിയുടെ കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച രാവിലെയാകും എംപിമാരെ അറിയിക്കുക. സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്താൻ ആലോചിക്കുന്നതായാണ് സൂചന. രാഹുൽ ഗാന്ധിയുടെ ഇന്നത്തെ ഗോവ സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. എൻഎസ്യുവും യൂത്ത് കോൺഗ്രസും ഇന്നും അപ്രതീക്ഷിത പ്രതിഷേധങ്ങൾ നടത്തും. മെട്രോ, ട്രെയിൻ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയതോടെ കൂടുതൽ പ്രവർത്തകർക്ക് ഡൽഹിയിലെത്താൻ സഹായകരമാകും എന്നാണ് ഇന്ത്യാസഖ്യത്തിന്‍റെ കണക്കുകൂട്ടൽ.
അതിനിടെ സമരത്തെ നേരിടാന്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അവധി ദിനമായ ഇന്ന് ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് പ്രത്യക സിറ്റിങ് നടത്തിയാണ് ഹർജിയിൽ വാദം കേൾക്കുക. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് മെട്രോ, ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി എന്നാണ് ഹർജിയിലെ ആക്ഷേപം. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ ഹർജിയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ, DMRC എന്നിവരാണ് എതിർകക്ഷികൾ. പ്രതിപക്ഷ നേതാക്കളെ അന്യായമായി കസ്റ്റഡിയിൽ പാർപ്പിച്ചതിനെതിരെ ടിഎംസി എംപിയും അഭിഭാഷകയുമാ മേനക ഗുരുസ്വാമി നൽകിയ ഹർജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും.