TOPICS COVERED

അധികാരത്തിന്‍റെ കസേരക്കാലുകളെ പിടിച്ചുകുലുക്കി ജെന്‍സീ കൂട്ടം. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാവഴികളുമടച്ചിട്ടും ഇരമ്പിയാര്‍ത്ത യുവത. സി.ജെ.പി നയിക്കുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ വക പൊലീസ് രാജ്്. സി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും പ്രക്ഷോഭത്തെ പിന്തുണച്ചെത്തിയ ഇടത് നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി കസ്റ്റഡിയിലെടുത്തു.കനത്ത പൊലീസ് ബന്തവസ് മറികടന്ന് ജന്തര്‍ മന്തറിലേക്ക് നീങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. രാജ്യതലസ്ഥാനം സംഘര്‍ഷഭൂമിയായി.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധം നേരിടാന്‍ കനത്ത സുരക്ഷാ വിന്യാസമാണ് ഡല്‍ഹി പൊലീസ് ഒരുക്കിയത്. 45 മെട്രോ സ്റ്റേഷനുകൾ  അടച്ചിട്ടും, അതിര്‍ത്തിമേഖലകളിലടക്കം പരിശോധന കര്‍ശനമാക്കിയും പൊലീസ് പ്രതിരോധമൊരുക്കി. ജാമിയ സര്‍വകലാശാലയിലെ NSU, MSF പ്രവര്‍ത്തകരെ അര്‍ധരാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തെ നേരിടാന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം വിലക്കി. പ്രതിഷേധത്തിനെത്തിയവരെ രാവിലെമുതല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്തറിലെത്തിയ പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തു. കൊണാട്ട് പ്ലേസില്‍ പൊലീസും പ്രതിഷേധക്കാരുമായി സംഘര്‍ഷമുണ്ടായി. പൊലീസും കേന്ദ്രസേനയും ചേര്‍ന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി.

 സമരത്തെ പിന്തുണച്ചെത്തിയ യു ട്യൂബര്‍ ധ്രുവ് റാഠിയെ  ഗുരുഗ്രാമിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെത്തിയ .സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പൊലീസ് വിമാനത്തില്‍ കയറിയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വെവ്വേറെ കേന്ദ്രങ്ങളിലേക്ക്  മാറ്റി. താനടക്കം കസ്റ്റഡിയിലായതിനാല്‍ പ്രക്ഷോഭത്തെ അജിങ്ക്യ ഷിന്‍ഡെ നയിക്കുമെന്ന് ദീപ്കെയുടെ പ്രഖ്യാപനം. ഇടത് പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും സി.ജെ.പി പ്രക്ഷോഭത്തിനൊപ്പം അണിനിരന്നു. സി.ജെ.പി സമരത്തിന് പിന്തുണയുമായി എത്തിയ സി.പി.എം നേതാക്കളെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കേരള ഹൗസില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് തിരിച്ച നേതാക്കളെയാണ് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. എം.എ.ബേബിയും എം.വി.ഗോവിന്ദനും വൃന്ദകാരാട്ടും അടക്കമുള്ള നേതാക്കളെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പലരെയും വലിച്ചിഴച്ചാണ് ബസില്‍ കയറ്റിയത്. ഇവര്‍ക്ക് പിന്നാലെ ജന്തര്‍ മന്തറിലേക്ക് പോകാനെത്തിയ പിണറായിയേയും, ബാലഗോപാലിനേയും ബ്രിട്ടാസിനെയും ഡല്‍ഹി പൊലീസ് തടഞ്ഞു.  തുടര്‍ന്ന് പിണറായി വിജയനേയും കെ.എന്‍.ബാലഗോപാലിനേയും ജോണ്‍ ബ്രിട്ടാസിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധം തടയാന്‍ പൊലീസ് സര്‍വത്ര ശ്രമിച്ചിട്ടും ജന്തര്‍ മന്തറിലേക്ക് അടക്കം ജെന്‍സീകള്‍ കൂട്ടമായി നീങ്ങി. പലയിടത്തും പ്രതിരോധം മറികടന്ന് പ്രതിഷേധം മുന്നേറി. ബാരിക്കേഡുകള്‍ തള്ളിമാറ്റി. എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ദില്ലി ഹാട്ടിന് മുന്നില് പ്രതിഷേധിച്ച നേഹ ബോറയടക്കം ഐസ പ്രവര്ത്തകരെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു.  ഐസയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയ  പ്രശാന്ത് ഭൂഷണ്‍, ദീപാങ്കര്‍ ഭട്ടാചാര്യ, യോഗേന്ദ്രയാദവ് തുടങ്ങിയവരെയും അറസ്റ്റ് ചെയ്തു.ജന്തര് മന്തര് ഭാഗത്തേക്ക് പ്രതിഷേധവുമായെത്തിയ പ്രമുഖവ്യക്തിത്വങ്ങളെയും പൊലീസ് വെറുതെ വിട്ടില്ല.  മാധ്യമപ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ താക്കൂര്‍ത്ത, ഫ്രഞ്ച് സാമ്പത്തിശാസ്തജ്ഞന്‍ ഴോങ്ദ്രെ , എന്നിവരെ കസ്റ്റഡിയിലെടുത്തു .പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ നാല് മുന്‍ മുഖ്യമന്ത്രിമാരെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തൂക്കിയെടുത്താണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. ആം ആദ്മി പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിങ്, സൗരഭ് ഭരദ്വാജ് , ദുര്‍ഗേഷ് പാഥക് എന്നിവരെയും കസ്റ്റഡിയിലെടുത്തു.

രാജ്യതലസ്ഥാനത്തെ സ്ഥിരം സമരവേദിയായ ജന്തര്‍മന്തര്‍ കെട്ടിയടച്ച്, റോഡ്–റെയില്‍ ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധ ശബ്ദങ്ങളെ നിശബ്ദമാക്കാം എന്ന സര്‍ക്കാര്‍ പ്രതീക്ഷകളെ വെല്ലുവിളിക്കുന്ന യുവതയെയാണ് ഇന്ന് കണ്ടത്. നിശബ്ദതയിലെ മൊട്ടുസൂചി വീഴ്ചപോലും അത്യുച്ചമായിരിക്കുമെന്ന് ഓര്‍മിക്കുന്നത് നന്ന്.

Gen Z Protest Shakes Delhi Amid Heavy Police Crackdown:

Delhi protest news covers the massive crackdown by Delhi Police on Gen Z demonstrators and political leaders demanding the resignation of the Chief Election Commissioner. The extensive security measures, mass detentions, and clashes at Jantar Mantar have turned the national capital into a tense conflict zone