മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളില്‍ ഡല്‍ഹി സ്തംഭിച്ചു. ഐസ നേതാവ് നേഹ ബോറയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളും മമത ബാനര്‍ജിയും ഐഷി ഘോഷുമടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു. സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. എഎപി, സിപിഎം നേതാക്കളും പൊലീസ് കസ്റ്റഡിയിലാണ്. പിണറായി വിജയനുള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്ത ശേഷം ഒരു സ്റ്റേഷനിലേക്കും കൊണ്ടുപോയില്ലെന്നും മൂന്നര മണിക്കൂറോളം നഗരം ചുറ്റിച്ചുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഒടുവില്‍ മന്ദിര്‍മാര്‍ഗ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.
ജന്തര്‍ മന്തറിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ പ്രതിഷേധം ദില്ലി ഹാട്ടിലേക്ക് മാറ്റിയതായി ഐസ അറിയിച്ചു. മറ്റ് സംഘടനകള്‍ വിവിധയിടങ്ങളിലായി പ്രതിഷേധിക്കുകയാണ്. അതേസമയം പ്രക്ഷോഭം തടയാന്‍ ഡല്‍ഹി പൊലീസ് പ്രധാന നിരത്തുകള്‍ അടച്ചു. എല്ലായിടത്തും ബാരിക്കേഡുകള്‍ നിരത്തി. കാല്‍നട യാത്രക്കാരെ പോലും വഴി നടക്കാന്‍ സമ്മതിക്കുന്നില്ല. പ്രതിഷേധവുമായെത്തിയ ഇടതുസംഘടനാ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.വിദ്യാര്‍ഥികളെയും മുതിര്‍ന്നവരെയും മാധ്യമപ്രവര്‍ത്തകരെയുമടക്കം തെരുവിലൂടെ വലിച്ചിഴച്ചു.
തങ്ങള്‍ അറസ്റ്റിലായെന്നും പ്രതിഷേധം അജിന്‍ക്യ ഷിന്‍ഡെ നയിക്കുമെന്നും അഭിഷേക് ദിപ്കെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചു. കോക്രോച്ച് ജനതാപാര്‍ട്ടിയെ അജിന്‍ക്യ മുന്നോട്ടുകൊണ്ടുപോകുമെന്നും ദിപ്കെ വിഡിയോയില്‍ പറഞ്ഞു.
അതേസമയം, തല്‍പരകക്ഷികളാണ് സമരത്തിന് പിന്നിലെന്നും അരാജകവാദികളെ പരാജയപ്പെടുത്തിയെന്നും ബിജെപി പ്രതികരിച്ചു. മോബോക്രസിയെ ജനാധിപത്യം പരാജയപ്പെടുത്തിയെന്നും ബിജെപി സമൂഹമാധ്യമക്കുറിപ്പില്‍ അവകാശപ്പെട്ടു.