Image: Kerala High Court, Manorama

Image: Kerala High Court, Manorama

  • വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ ആരെയാണ് ഭയപ്പെടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി. അന്വേഷണത്തിൽ നിങ്ങൾ വിമുഖത കാട്ടുകയാണ്. എസ്.ഐ.ടിയുടെ ഇച്ഛാശക്തിക്ക് എന്തെങ്കിലും തടസ്സമുണ്ടായോ എന്നും ഹൈക്കോടതി ചോദിച്ചു

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തലവനെ വിമര്‍ശിച്ച്  ഹൈക്കോടതി .  നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നതെന്ന്  അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദിച്ചു. അന്വേഷണത്തോട്  താങ്കള്‍ വിമുഖത കാട്ടുകയാണ്.  എസ്.ഐ.ടിയുടെ ഇച്ഛാശക്തിക്ക് എന്ത് സംഭവിച്ചു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്.ശശിധരനോടായിരുന്നു കോടതിയുടെ ഈ ചോദ്യങ്ങൾ. Also Read: 'ഇന്ന് ദീപം തെളിയിച്ചില്ല, നാളെ അമ്പലം അടച്ച് പൂട്ടും'; വിജയ് സര്‍ക്കാരിനെതിരെ അശ്വിനി വൈഷ്ണവ്


'നിങ്ങൾ എത്ര കേസ് അന്വേഷിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്? കോടതി നിർദേശിച്ചിട്ടും ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണ്? എട്ട് കേസുകളിലും അന്വേഷണം പൂർത്തിയായെന്ന് അറിയിച്ചതല്ലേ? എന്നിട്ടും ഒരു കേസിൽ മാത്രമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിൽ നിങ്ങൾ വിമുഖത കാട്ടുകയാണ്. നിങ്ങളുടെ പിന്നിൽ ആരോ ഉണ്ട്. നിങ്ങൾ ആരെയോ ഭയപ്പെടുന്നു എന്നിങ്ങനെയായിരുന്നു ജസ്റ്റിസ് എ.ബദറുദ്ദീന്‍റെ വിമർശനം. അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും വിശദാംശങ്ങളും നൽകാൻ കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അവരെയും നേരിട്ട് വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ്. തയ്യാറായ റിപ്പോർട്ടുകൾ സമർപ്പിക്കാത്തത് അന്വേഷണ സംഘത്തിന്റെ ഇച്ഛാശക്തിക്ക് എന്തെങ്കിലും തടസ്സം നേരിട്ടിട്ടതുകൊണ്ടാണോയെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, ഒട്ടേറെ കേസുകൾ ഒരേസമയം അന്വേഷിച്ചുവരികയാണെന്ന് എസ്.പി എസ്.ശശിധരൻ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ ജോലിഭാരവും സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയിൽ വിശദീകരണം നൽകിയത്. ശശിധരൻ മികച്ച ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ കഴിവിൽ സർക്കാരിന് സംശയമില്ലെന്നും അറിയിച്ചപ്പോൾ ഇക്കാര്യം കോടതിയും അംഗീകരിച്ചു. സർക്കാരിന്‍റെ നിലപാട് ഗാലറിക്ക് വേണ്ടിയല്ലെന്ന് സ്റ്റേറ്റ് അറ്റോർണി അറിയിച്ചപ്പോൾ, ആരാണ് ഗാലറിക്ക് വേണ്ടി നിലപാടെടുക്കുന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന് പുൽപ്പള്ളി കേസിലെ അന്തിമ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും, ബാക്കി കേസുകളിൽ എന്താണ് തീരുമാനമെന്ന് അടുത്തയാഴ്ച അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, മൈക്രോ ഫിനാൻസ് കേസിൽ ഒരു കോടതിക്കും തന്നെ ശിക്ഷിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. താൻ നിരപരാധിയാണ്. കിട്ടിയ പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. തന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പത്തനംതിട്ടയിൽ പറഞ്ഞു.

ENGLISH SUMMARY:

The Kerala High Court has strongly questioned the progress of the microfinance fraud investigations involving Vellappally Natesan as an accused. Justice A. Badharudeen questioned SP S. Sashidharan over delays in submitting final reports in eight cases, noting that reports had been filed in only one despite claims that investigations were complete. The court raised concerns about possible obstacles affecting the SIT's functioning and asked whether the investigating officer was under pressure. The government cited the officer's workload and defended his capabilities. The High Court ordered the final report in the Pulpally case within one week and sought an update on the remaining cases at the next hearing.