india-bloc-protest-delhi-vijay-chowk

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം (INDIA Bloc) സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് നേരെ ഡൽഹി പൊലീസിന്റെ കടുത്ത നിയന്ത്രണം. പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് (Vijay Chowk) നീങ്ങിയ ഇന്ത്യാ മുന്നണി എം.പിമാരുടെ പ്രതിഷേധ മാർച്ച് പൊലീസും സുരക്ഷാ സേനയും ബാരിക്കേഡുകൾ നിരത്തി വടംകെട്ടി തടഞ്ഞു. തുടർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, എ.എ. റഹീം, കൊടിക്കുന്നിൽ സുരേഷ്, സമാജ്‌വാദി പാർട്ടി എം.പിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിജയ് ചൗക്കിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അതിനിടെ, ഇന്ത്യാ സഖ്യത്തിന്റെ 10 അംഗ നേതാക്കളുടെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നിവേദനം നല്‍കി. രാഷ്ട്രപതി ഭവനിൽ ഇന്ത്യ മുന്നണിയിലെ 10 ഓളം നേതാക്കളാണ് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്. ഇന്നത്തെ സമരം അവസാനിച്ചെന്നും, തിങ്കളാഴ്ച വീണ്ടും സമരമെന്ന് കെ.സി. വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം  സമാധാനപരമായി പ്രതിഷേധിക്കാനുള്ള എം.പിമാരുടെ ജനാധിപത്യ അവകാശത്തെയാണ് പൊലീസിനെ ഉപയോഗിച്ച് സർക്കാർ അടിച്ചമർത്തുന്നതെന്ന് ഡോ. വി. ശിവദാസൻ എം.പി, പി. സന്തോഷ് കുമാർ എം.പി എന്നിവർ ആരോപിച്ചു. ഡൽഹിയെ പൂർണ്ണമായും മിലിറ്ററി സോൺ പോലെ മാറ്റിയ നടപടി അപലപനീയമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

അതിനിടെ സിജെപി സമരത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡല്‍ഹിയില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ ‘റേഞ്ചില്ല’. വിലക്ക് ജന്‍പഥ്–കര്‍ത്തവ്യപഥ് മേഖലയില്‍. നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍.

ENGLISH SUMMARY:

Chief Election Commissioner resignation protest was led by the INDIA bloc at Vijay Chowk in Delhi where opposition MPs faced heavy police restrictions. The opposition leaders later met President Droupadi Murmu to submit a formal memorandum demanding action.