cjp

TOPICS COVERED

നാളെ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം നേരിടാൻ വൻ മുന്നൊരുക്കവുമായി ഡൽഹി പൊലീസ്. നിരവധി വിദ്യാർഥി നേതാക്കളെ വീട്ടുതടങ്കലിലാക്കി. എങ്ങനെ തടഞ്ഞാലും പ്രതിഷേധിക്കുമെന്ന് സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും പ്രഖ്യാപിച്ചു. ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 57 മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ ഇന്ന് രാത്രി 9 മുതൽ അടയ്ക്കും. 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ട് നാളെ ജന്തർ മന്തറിൽ പ്രതിഷേധിക്കാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെയും ഇടത് വിദ്യാർഥി - യുവജന സംഘടനകളുടെയും തീരുമാനം. ഡൽഹിയിലെ വിവിധ കോളജുകളിൽ പൊലീസ് നേരിട്ടെത്തി പ്രതിഷേധങ്ങളുടെ ഭാഗമാകരുതെന്ന് മുന്നറിയിപ്പ് നൽകി. യുപി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിരവധി പ്രവർത്തകരെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എസ്എഫ്ഐ ആരോപിച്ചു. ഡൽഹി സിപിഎം ഓഫിസായ സുർജിത് ഭവനിലും പൊലീസ് എത്തി.

പ്രതിഷേധത്തിന് അനുമതിയില്ലെന്നും നിയമപരമായ നടപടിയുണ്ടാകുമെന്നും ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി. ഡൽഹിയിലുടനീളം പ്രതിഷേധത്തിന് എത്തരുതെന്ന് നിർദേശവും ഉച്ചഭാഷിണിയിലൂടെ നൽകുന്നുണ്ട്. കർഷക സംഘടനകളും സമരത്തിന് എത്തുമെന്ന് അറിയിച്ചതോടെ ഡൽഹി അതിർത്തികളിലും വൻ പോലീസ് വിന്യാസമാണ്. കാൽലക്ഷത്തോളം കേന്ദ്രസേനാംഗങ്ങളെയും 15,000 ഡൽഹി പൊലീസ് അംഗങ്ങളെയും പ്രതിഷേധം നേരിടാൻ വിന്യസിച്ചുകഴിഞ്ഞു. ഡൽഹിയിലെ വിവിധ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകൾ നാളെ തടസ്സപ്പെടും. നിരവധി ട്രെയിനുകൾ ഇതിനകം റദ്ദാക്കി. കേരളത്തിൽനിന്നുള്ള ട്രെയിനുകളും മണിക്കൂറുകൾ വൈകും. 57 മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടച്ചിടും. 

Delhi Police Imposes Strict Security Measures Ahead of Cockroach Janata Party Protest:

Delhi Police has made massive security arrangements, including house arrests and metro station closures, to block the upcoming Cockroach Janata Party protest at Jantar Mantar. Authorities have restricted train services and deployed heavy security forces across the capital to prevent student and farmer demonstrations demanding the Chief Election Commissioner's resignation