രാജ്യത്ത് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെയും അസമിലെ നഗോണ്‍ ലോക്സഭ സീറ്റിലെയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടില്‍ ലീഡെടുത്ത് വിജയ്യുടെ ടിവികെ. മധുരാന്തകത്തും ധാരാപുരത്തും ടിവികെ മുന്നേറുകയാണ്. ആദ്യ റൗണ്ടുകളില്‍ ധാരാപുരത്ത് അണ്ണാ ഡിഎംകെയാണ് ലീഡെടുത്തത്. 11–ാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ടിവികെ സ്ഥാനാര്‍ഥി പി.സത്യഭാമയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ഡിഎംകെയും തൊട്ടുപിന്നാലെ അണ്ണാഡിഎംകെയുമാണ്. സിപിഐ സ്ഥാനാര്‍ഥി പി.ലക്ഷ്മണന്‍ അഞ്ചാമതാണ്. അതിനിടെ മധുരാന്തകത്ത് പത്താം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. 133–ാം ബൂത്തിലെ ഇവിഎമ്മില്‍ കൃത്രിമം നടന്നുവെന്ന് പ്രതിപക്ഷ ഏജന്‍റുമാര്‍ ആരോപിച്ചതോടെയായിരുന്നു നടപടി.
പുതുച്ചേരിയിലെ തട്ടാന്‍ചാവടിയില്‍ ഭരണകക്ഷിയായ ഓള്‍ ഇന്ത്യ എന്‍.ആര്‍.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശോക് ആനന്ദ്(13358) ജയിച്ചു. മുഖ്യമന്ത്രി എന്‍.രംഗസ്വാമിയാണ് നേരത്തെ ഇവിടെ മല്‍സരിച്ചരിന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനായഗമാണ് (4876) രണ്ടാമതെത്തിയത്.
ബംഗാളിലെ നന്ദിഗ്രാമിലും റെജിനഗറിലും ബിജെപിക്കാണ് ലീഡ്. ബംഗാളില്‍ 15 വര്‍ഷത്തെ ടിഎംസി ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രമിലും ഭബാനിപുരിലും സുവേന്ദു അധികാരി ജയിച്ചതോടെയാണ് നന്ദിഗ്രാമില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. സുവേന്ദുവിന്‍റെ ഉറ്റ അനുയായി ആയിരുന്ന ചന്ദ്രനാഥ് രാഥിന്‍റെ അമ്മ ഹസിരാണിയെയാണ് ബിജെപി നന്ദിഗ്രാമിലെ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസിന്‍റെ മിലന്‍ പ്രധാനായിരുന്നു മമതാ ബാനര്‍ജിയുടെ പിന്തുണ.
ആം ജനത ഉന്നയാന്‍ പാര്‍ട്ടി നേതാവ് ഹുമയൂണ്‍ കബീര്‍ നൗഡയില്‍ കൂടി ജയിച്ചതോടെയാണ് റെജിനഗറില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഹുമയൂണിന്‍റെ മകനായ ഗോലം നബി ആസാദാണ് ബിജെപിയുടെ സഖറാവ് സര്‍ക്കാരിനെതിരെ മല്‍സരിച്ചത്. രണ്ടിടത്തും ബിജെപി ലീഡെടുത്തതോടെ ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്. അതേസമയം, രണ്ടിടത്തും വലിയ ക്രമക്കേട് നടന്നതായി കോണ്‍ഗ്രസും തൃണമൂലും ആരോപിച്ചിരുന്നു.
തമിഴ്നാട്ടിലെ മധുരാന്തകത്ത് ടിവികെയാണ് ലീഡ് ചെയ്യുന്നത്. അതേസമയം ധാരാപുരത്ത് അണ്ണാ ഡിഎംകെയും മുന്നേറുന്നു. പുതുച്ചേരിയില്‍ എന്‍ഡിഎയും അസമില്‍ ബിജെപിക്കുമാണ് ലീഡ്.