മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിൽ ഡൽഹിയിൽ സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് മുന്നേറിയ പ്രതിപക്ഷ എംപിമാരെ ആകാശവാണി ഭവന് സമീപം ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ചു. Also Read: ‘മുഖം നീരുവച്ച് വീർത്തു, ആ നാലുപേരല്ലാതെ ലോഡ്ജിലേക്ക് കൂടുതൽ ആളുകൾ വന്നു, അവൾ ബിയർകുപ്പി പൊട്ടിച്ച് ചാവുമെന്ന് പറഞ്ഞു’
പൊലീസ് വാനിൽ കയറാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചു. മാർച്ച് തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബാരിക്കേഡിന് മുകളിൽ കയറിയും മുന്നിലിരുന്നും പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചു. അഭിഷേക് ബാനർജിയും രാഹുലിനൊപ്പം ബാരിക്കേഡില്‍ കയറി പ്രതിഷേധിച്ചു. ബാരിക്കേഡ് തള്ളിമാറ്റാൻ യുവ എംപിമാരും ശ്രമിച്ചു. ഇതിനിടെ മഹിളാ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി പിന്തുണ നൽകി.
പ്രതിഷേധക്കാരെ ബസിൽ കയറ്റി നീക്കാനാണ് പൊലീസ് ശ്രമിച്ചത്. മാധ്യമപ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റാനും പൊലീസ് ശ്രമിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്. എസ്ഐആറിലെ ക്രമക്കേടുകളടക്കം ഗ്യാനേഷ് കുമാറിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ സഖ്യം മാര്‍ച്ച് നടത്തിയത്.
അതേസമയം, ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധത്തിനെതിരെ ബിജെപിയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പേരിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്ന് ബിജെപി ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ കോൺഗ്രസ് നിരന്തരം ആക്രമിക്കുകയാണെന്ന് ബിജെപി എംപി സംപിത് പാത്ര പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള സ്പോൺസേർഡ് നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കെ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി നടപടി സ്വീകരിച്ചിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പിന്നീട് അധികാരത്തിലെത്തിയ എ.കെ. ആന്റണി മന്ത്രിസഭ അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി നിയമിച്ചെന്നും പിണറായി ആരോപിച്ചു. അതേ ഗ്യാനേഷ് കുമാറാണ് എസ്ഐആറിലൂടെ വൻതോതിൽ വോട്ടർമാരെ വെട്ടിനിരത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.