യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പെ വെടിപൊട്ടിച്ച് സമാജ്‍‍വാദി പാര്‍ട്ടി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഭയമായിരുന്നുവെന്നും അതിനാലാണ് റായ്‍ബറേലിയിലേക്ക് മാറിയതെന്നും എസ്പി എംപി ശിവ്‍ പാല്‍സിങ് പട്ടേല്‍ പറഞ്ഞു. യുപിയില്‍ നിന്നും കോണ്‍ഗ്രസിന് ആറു ലോക്സഭാ സീറ്റുകള്‍ ലഭിച്ചതിനു കാരണം എസ്പിയുമായുള്ള സഖ്യമാണെന്നും അല്ലെങ്കില്‍ പാര്‍ട്ടി വട്ടപൂജ്യമാകുമെന്നും ശിവ്‍പാല്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്ന് എസ്പി നേതൃത്വത്തിന് അദ്ദേഹത്തെ റായ്ബറേലിയിൽ നിന്ന് മത്സരിക്കാൻ പ്രേരിപ്പിക്കേണ്ടി വന്നതായി പട്ടേൽ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രതാപ്ഗഡില്‍ നിന്നുള്ള എംപിയാണ് ശിവ്‍പാല്‍ സിങ്. 

'സഖ്യമില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ വിജയിക്കില്ലായിരുന്നു. രാഹുൽ ഗാന്ധി തന്റെ സീറ്റ് ഉപേക്ഷിക്കാൻ തയാറായ അവസ്ഥ പോലും വന്നു. അമേഠിക്ക് പകരം മറ്റൊരിടത്താണ് അദ്ദേഹം മല്‍സരിച്ചത്. അത്രയധികം ഭയമായിരുന്നു. രാഹുൽ ഗാന്ധിക്ക് ധൈര്യം നൽകി മത്സരിക്കാൻ പ്രേരിപ്പിച്ചത് അഭിലേഷ് യാദവാമായിരുന്നു. മത്സരിച്ചില്ലെങ്കിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് അഖിലേഷ് മുന്നറിയിപ്പ് നൽകി. അതിനുശേഷമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തയ്യാറായത് എന്നിങ്ങനെയായിരുന്നു ശിവ്‍പാലിന്റെ വാക്കുകൾ. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്‍റെ വലിയ മുന്നേറ്റം കണ്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു ഉത്തര്‍പ്രദേശ്. 80 സീറ്റില്‍ 37 എണ്ണത്തില്‍ സമാജ്‍വാദി പാര്‍ട്ടിയും ആറിടത്ത് കോണ്‍ഗ്രസും ജയിച്ചു. 33 സീറ്റിലാണ് ബിജെപി ജയിച്ചത്. മൂന്നിടത്ത് എന്‍ഡിഎ സഖ്യകക്ഷികളും വിജയിച്ചിരുന്നു. 

ENGLISH SUMMARY:

Samajwadi Party MP Shiv Pal Singh Patel has triggered a political controversy by claiming that Rahul Gandhi was reluctant to contest from Amethi in the 2024 Lok Sabha elections due to fear. Patel stated that the Congress party's traditional bastion was abandoned in favor of Rae Bareli after SP chief Akhilesh Yadav urged and motivated Gandhi to stay in the electoral race. According to the Pratapgarh MP, Congress would have been reduced to zero in Uttar Pradesh without the INDIA bloc alliance with Samajwadi Party. In the 2024 general elections, the SP won 37 seats while Congress secured 6 seats out of Uttar Pradesh's 80 Lok Sabha constituencies.