d-k-shivakumar
  • സര്‍ക്കാര്‍ പറയുന്ന ഗ്യാരണ്ടികള്‍ക്കായി തങ്ങളെ ഉപയോഗിക്കരുതെന്നും ആദ്യം തരാനുളള പണം തന്നുതീര്‍ക്കണമെന്നും അസോസിയേഷന്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ രംഗത്ത്. തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ തങ്ങളെ ഉപയോഗിച്ചുവെന്നും എന്നാല്‍ തിരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ മറക്കുകയും ചെയ്തെന്ന് കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. സര്‍ക്കാര്‍ ഇതുവരെ 38,000 കോടി രൂപയോളം കുടിശികയായി നല്‍കാനുണ്ടെന്നും ടെൻഡറുകൾ നൽകുന്നതിനും മറ്റുമായി നിരവധി എംഎല്‍എമാര്‍ ഇപ്പോഴും കമ്മീഷന്‍ ചോദിക്കുന്നുണ്ടെന്നും കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പറഞ്ഞു. 2022 മുതലുള്ള കുടിശികയാണ് ഇനിയും ലഭിക്കാനുള്ളത്. 

സര്‍ക്കാര്‍ പറയുന്ന ഗ്യാരണ്ടികള്‍ക്കായി തങ്ങളെ ഉപയോഗിക്കരുതെന്നും ആദ്യം തരാനുളള പണം തന്നുതീര്‍ക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് ആര്‍. മഞ്ജുനാഥ് പറഞ്ഞു. കോൺട്രാക്ടർമാർ കടക്കെണിയിൽ മുങ്ങിത്താഴുകയാണെന്നും സ്വന്തം ജീവൻ എടുക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം പറയുന്നു. പണം തരാന്‍ ഉദ്ദേശമില്ലെങ്കില്‍ പറഞ്ഞാല്‍ മതിയെന്നും തങ്ങളെല്ലാവരും വിഷം കഴിച്ച് മരിച്ചോളാമെന്നും മഞ്ജുനാഥ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞകുറച്ചുനാളുകളായി ടെന്‍ഡറുകള്‍ നല്‍കുന്നതിനും അതുകഴിഞ്ഞ് ഫണ്ട് അനുവദിക്കുന്നതിനും കൈക്കൂലി വാങ്ങുന്ന എംഎല്‍എമാരുടെ എണ്ണം കൂടുന്നുണ്ടെന്നും ഇക്കാര്യങ്ങളില്‍ എംഎല്‍എമാരുടെ ഇടപെടൽ വർധിച്ചിട്ടുണ്ടെന്നും അസോസിയേഷൻ ആരോപിച്ചു. ഈ വർഷം നവംബറോടെ കുടിശിക അടച്ചില്ലെങ്കിൽ കൈക്കൂലി വാങ്ങുന്നവരുടെ വിവരങ്ങൾ പരസ്യമാക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്‍റെ കണക്കനുസരിച്ച് എട്ട് സർക്കാർ വകുപ്പുകൾ 38,000 കോടിയിലധികം രൂപ കുടിശ്ശിക നല്‍കാനുണ്ട്. അതിൽ 14,000 കോടി രൂപ മേ‍‍‍ജര്‍ ഇറിഗേഷന്‍ വിഭാഗവും 8,000 കോടി രൂപ പൊതുമരാമത്ത് വകുപ്പും 3,600 കോടി രൂപ ചെറുകിട ഇറിഗേഷനും 3000 കോടി രൂപ ഗ്രാമവികസന വകുപ്പുമാണ് നല്‍കാനുള്ളത്. 

ENGLISH SUMMARY:

Karnataka contractors are protesting against the Congress government, alleging they were used during elections and then ignored. The State Contractors Association claims the government owes them around Rs 38,000 crore in pending payments, with MLAs still demanding commissions for tenders.