കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലേക്ക്. കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും. പിസിസികളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസുകളിലേക്ക് മാർച്ച് നടത്തും. ഉച്ചയ്ക്ക് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനം ഘരാവോ ചെയ്യും.
പ്രതിഷേധം മുന്നിൽക്കണ്ട് ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഒന്നിച്ചുള്ള പ്രതിഷേധത്തിനും പാർലമെന്റിന്റെ ഇരുസഭകളിലും കുറ്റവിചാരണയ്ക്കുള്ള (ഇംപീച്ച്മെന്റ്) നോട്ടീസ് നൽകുന്നതിനുമുള്ള ചർച്ചകൾ 'ഇന്ത്യ' സഖ്യത്തിൽ തുടരുകയാണ്.
ബോംബെ ഹൈക്കോടതിയുടെ കോലാപ്പൂർ ബെഞ്ചിൽ ഗ്യാനേഷ് കുമാർ പുറപ്പെടുവിച്ച 14 ഉത്തരവുകൾ ചോദ്യം ചെയ്ത് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു. മഹാരാഷ്ട്രയിൽ നടന്നുവരുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (SIR) നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും നിയമവിരുദ്ധമായി വെട്ടിമാറ്റിയ വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഗ്യാനേഷ് കുമാർ കൈക്കൊണ്ട 14 നിർണായക തീരുമാനങ്ങളാണ് ബോംബെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. പുതിയ വോട്ടർമാർക്കുള്ള 'ഫോം 6'ലെ മാറ്റങ്ങൾ, വോട്ടർപട്ടിക ഡാറ്റാബേസ് കേന്ദ്രീകൃതമാക്കൽ, ഇ.ആർ.ഒ (ERO) ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കൽ എന്നിവ ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ലോക്‌സഭയിൽ നൂറും രാജ്യസഭയിൽ അൻപതും എംപിമാർ ഒപ്പിട്ടാൽ മാത്രമേ പ്രമേയം കൊണ്ടുവരാനാകൂ. മുൻപ് രാജ്യസഭയിൽ പ്രമേയത്തിൽ ഒപ്പിട്ടവരിൽ ഏഴുപേർ ഇപ്പോൾ ഇന്ത്യ സഖ്യത്തിനൊപ്പമില്ല. നോട്ടീസ് തള്ളാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ നിയമവിദഗ്ധരുടെ സഹായത്തോടെയാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. വിവിധ മേഖലകളിൽനിന്നുള്ള സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലും രണ്ടിന് ജന്തർ മന്തറിൽ പ്രതിഷേധം നിശ്ചയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത പുറത്തുവരികയും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ചെയ്തതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും ബിജെപിയും പ്രതിരോധത്തിലാണ്. കോൺഗ്രസ് വോട്ട് ചോരി വിഷയം ഉയർത്തിയപ്പോൾ രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞു തള്ളിയെങ്കിലും കമ്മിഷനകത്തുനിന്നുതന്നെ എതിർപ്പുയർന്നത് ന്യായീകരിക്കുക പ്രയാസമാണ്. സാങ്കേതികത്വം പറഞ്ഞ് പിടിച്ചുനിൽക്കാനാണ് ഇപ്പോഴത്തെ ശ്രമം.
എന്നാൽ, പ്രതിപക്ഷം തെരുവിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചതോടെ ജനവികാരം എതിരാകുമെന്ന ശക്തമായ ആശങ്ക ബിജെപിക്കുണ്ട്. ഒപ്പം രണ്ടാമതൊരു ജന്തർ മന്തർ സമരവുമായി സിജെപി കൂടിയെത്തിയാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഇന്ത്യ മുന്നണിക്ക് പുറത്തുള്ള കക്ഷികളും ഇക്കാര്യത്തിൽ ബിജെപിക്കെതിരാണ്. എന്നാൽ, വിശ്വസ്തനായ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടാൻ കേന്ദ്രസർക്കാർ തയാറാവില്ല.