മലപ്പുറം തിരുവാലി കൊളക്കാട്ടിരിയിൽ സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശിയായ സജീവും ഭാര്യയും ഫാമിലെ ജോലിക്കാരാണ്. കുട്ടിയെ ഉറക്കി കിടത്തിയശേഷം ഇരുവരും ജോലിക്ക് പോയപ്പോഴാണ് അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീഴുകയായിരുന്നു. കിടക്കയും കട്ടിലുമെല്ലാം കത്തിയമർന്ന നിലയിലാണ്.
എറണാകുളം കാലടി സ്വദേശികളായ സജീവും ഭാര്യയും തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലിക്കായി എത്തിയതായിരുന്നു. ഫാമിലെ ജോലിക്കാർക്കായി അനുവദിച്ച ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ശ്രീഭദ്രയെ കട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം, മാതാപിതാക്കൾ ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടം.
വീട്ടിൽനിന്നും പുക ഉയരുന്നത് കണ്ട് മാതാപിതാക്കളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. കട്ടിലും കിടക്കയും പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി.